കൊച്ചി: ജനം മൊത്തം സോഷ്യൽ മീഡിയയിലാണ്. ഇവരെ നിരീക്ഷിക്കാൻ ജാഗരൂകരായി സൈബർ പൊലീസും. ഈ കൊറോണ കാലത്ത് ഫേസ്ബുക്ക് വഴി തട്ടിപ്പിന് കളമൊരുക്കിയാൽ എന്തായിരിക്കും അവസ്ഥ. പൊലീസ് തേടിപ്പിടിച്ചെത്തും തൂക്കിയെടുത്ത് അകത്തിടും, സംശയമില്ല. ഇങ്ങനെ ലോക്ക് ഡൗണിനിടെ, തട്ടിപ്പിന് ഇറങ്ങിയ കൊടുങ്ങല്ലൂർ സ്വദേശിക്കെതിരെ കേസ് എടുത്തിരിക്കുകയാണ് ഇപ്പോൾ മൂവാറ്റുപുഴ പൊലീസ്. ലോക്ക് ഡൗണിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മൂവാറ്റുപുഴ മടവൂരുള്ള കുടുംബം കടുത്ത ദാരിദ്രത്തിലാണെന്ന് കാട്ടിയുള്ള പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ സഹായവുമായി സ്ഥലത്ത് എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
തട്ടിപ്പ് ഇങ്ങനെ
കൊറോണ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ട് മുളവൂരുള്ള വീട്ടമ്മ നൽകിയിരുന്ന ഫോണിൽ ബന്ധപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങൾ തീർന്നിരുന്നു. ഇതു പേടിച്ചാണ് വീട്ടമ്മ വിളിച്ചത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുടുംബ ഫോട്ടോയും ബാങ്ക് വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടു. വീട്ടമ്മ ഇതെല്ലാം വാട്സ്ആപ്പിലൂടെ കൈമാറി. പണം അക്കൗണ്ടിലേക്ക് ഉടൻ ഇടാമെന്നും ആരു വിളിച്ചാലും കടുത്ത ദാരിദ്രത്തിലാണെന്ന് പറയണമെന്നും നിർദ്ദേശിച്ചു.
കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഇവരുടെ കുടുംബ ഫോട്ടോയിൽ കൊടും പട്ടിണിയിലാണ് സഹായിക്കണമെന്ന് രീതിയിൽ എഴുതിയ ഒരു പോസ്റ്റ് ഇയാൾ വീട്ടമ്മയ്ക്ക് കൈമാറി. ഇത് വാട്സ്ആപ്പിലൂടെ ഷെയർ ചെയ്യാനും പറഞ്ഞു. ഇത് അനുസരിച്ച് വീട്ടമ്മ ഫോട്ടോ വാട്സ്ആപ്പിലൂടെ പല ഗ്രൂപ്പുകളിലേക്കും കൈമാറി. ഇത് ശ്രദ്ധയിൽപ്പെട്ടാണ് പൊലീസ് വീട്ടമ്മയ്ക്ക് സഹായവുമായി മുളവരൂരിൽ എത്തിയത്. എന്നാൽ, പൊലീസ് തന്നെ സഹായവുമായി എത്തിയതോടെ വീട്ടമ്മ നടന്ന കാര്യങ്ങൾ അവർക്ക് മുന്നിൽ വെളിപ്പെടുത്തുകയായിരുന്നു. വീട്ടമ്മയ്ക്കും ഭർത്താവിനും ജോലിയുണ്ട്.
കൂടുതൽപേരെ കുടുക്കി?
കൊടുങ്ങല്ലൂർ സ്വദേശി കൂടുതൽപേരെ കുടുക്കിയതായണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പൊലീസ് ശേരിച്ചിട്ടുണ്ട്. ഇന്ന് തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് മൂവാറ്റുപുഴ എസ്.ഐ പറഞ്ഞു.