ചെത്താതിരിക്കാൻ ആവില്ല, കള്ള് കളയുകയും വേണം
കൊച്ചി:ലോക്ക് ഡൗൺ കാലത്ത് ധർമ്മസങ്കടത്തിലായി കള്ള് ചെത്തുകാർ. ജോലി ചെയ്യാതിരിക്കാനും പറ്റില്ല, ചെയ്താലൊട്ടു ഗുണവുമില്ല. ചെത്തിക്കിട്ടുന്ന കള്ള് കമഴ്ത്തിക്കളയുകയാണിപ്പോൾ.
തെങ്ങ് ചുരത്തുന്ന കള്ള് ദിവസവും എടുത്തേ പറ്റൂ. മാസങ്ങളെടുത്ത് പാകപ്പെടുത്തിയ കുല ഉപേക്ഷിക്കാനാവില്ല. ദിവസങ്ങളോളം വേണ്ടെന്ന് വെച്ചാൽ കുല ചീത്തയായിപ്പോകും. കള്ള് വീണ് തെങ്ങിന്റെ മണ്ടയും കേടാകും. തെങ്ങ് നശിക്കാൻ തന്നെ ഇത് കാരണമാകും.
വൃഥാവ്യായാമം പോലെ ദിവസവും രണ്ടും മൂന്നും നേരവും തെങ്ങിൽ കയറി കള്ളെടുത്ത് ഒഴുക്കി കളയുകയാണ് ചെത്തുകാർ.
ഒരു ചെത്തുകാരൻ ശരാശരി പത്ത് തെങ്ങുകൾ ചെത്തുന്നുണ്ട്. കിലോമീറ്ററുകൾ സഞ്ചരിക്കുന്നവരാണ് ഏറെയും. ഷാപ്പു കോൺട്രാക്ടർക്ക് കള്ള് നൽകുന്ന അളവിനനുസരിച്ചാണ് ഇവരുടെ വരുമാനവും. ചെത്തുകാരന് കള്ള് വിൽക്കാൻ അധികാരമില്ല. വീട്ടിൽ സൂക്ഷിക്കാനുമാവില്ല. കൊറോണക്കാലത്ത് പിന്നെ ഇതൊഴുക്കി കളയുകയല്ലാതെ വേറെ വഴിയില്ല.
പോംവഴികൾ
കള്ള് വീട്ടിലോ മറ്റുള്ളിടത്തോ സൂക്ഷിക്കാൻ അനുവദിക്കുക. പുതിയ കള്ള്ദിവസവും ഒഴിച്ചു കൊണ്ടിരുന്നാൽ കളള് കുറേ ദിവസങ്ങൾ കേടാവില്ല.
ചൊറുക്ക വിനാഗിരി നിർമ്മിക്കാൻ ചെത്തുകാർക്ക് അനുമതി ഉടൻ നൽകുക. ഇതിനായി എക്സൈസ് സർക്കിൾ ഓഫീസുകളെ അനുവദിക്കുക.
മുന്നൊരുക്കങ്ങളില്ലാതെ കള്ളുഷാപ്പുകൾ പൂട്ടിയത് ചെത്തു തെങ്ങുകൾ നശിക്കാൻ കാരണമാകും.
ഒരു ചെത്തു തൊഴിലാളിക്ക് കുറഞ്ഞത് 10 തെങ്ങ് എന്ന കണക്കെടുത്താൽ പോലും കേരളത്തിൽ 2,50,000 തെങ്ങുകൾ നിരോധനംമൂലം ചെത്താത്ത അവസ്ഥയുണ്ടാകും. കർഷകർക്ക് പാട്ടവും നഷ്ടപ്പെടും. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായിതീരുമാനമെടുക്കണം.
കെ.പി. തമ്പി കണ്ണാടൻ
ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി
ജില്ലയിലെ കണക്ക്
മൊത്തം ചെത്തുകാർ : 887
കള്ളിന് ലഭിക്കുന്ന വില : Rs.37.50
ശരാശരി ദിനവരുമാനം: Rs.750