കോലഞ്ചേരി: മാറാത്ത ശീലങ്ങൾ, ഇനിയും മാറ്റാതെ മലയാളി. കൊറോണയല്ല ഇതിലും വലുത് വന്നാൽ വരട്ടെ, പൊലീസിൻ്റെ കണ്ണു വെട്ടിച്ചാൽ എന്തുമാകാം എന്ന ഭാവത്തിന് ലോക്ക് ഡൗൺ സമയത്തും കാര്യമായി മാറ്റമില്ലാത്ത ചിലർ ഇപ്പോഴുമുണ്ട് നാട്ടിൽ. ഒരു രസികൻ പറഞ്ഞ പോലെ " വീടിനു പുറത്തിറങ്ങിയാൽ വെടി വയ്ക്കുമെന്ന് പറഞ്ഞാൽ വെടി വയ്ക്കുന്നുണ്ടോ എന്നറിയാൻ പുറത്തിറങ്ങി നോക്കും, അതാണ് മലയാളി.

വെടി വട്ടം പറഞ്ഞ് രാവിലെ ചായക്കടകളിൽ ഇരിക്കുന്ന ശീലം ഇന്നലെയും മാറ്റാൻ ചിലർ തയ്യാറായില്ല. പട്ടിമറ്റത്തിനടുത്ത് കുമ്മനോട്ടിലെ ചായക്കച്ചവടം നിർത്തിക്കാൻ അവസാനം കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ പുലർച്ചെ ഇറങ്ങേണ്ടി വന്നു. സമീപ പ്രദേശങ്ങളിലൊന്നും കടയില്ലാത്തത് മറയാക്കി നാലു മണി മുതലായിരുന്നു കച്ചവടം. ഭായിമാരടക്കം കടയിലെത്തുന്നത് പതിവായതോടെ പരാതിയായി. ഇന്നലെ പൊലീസ് ചായ കച്ചവടം പൂട്ടിച്ച് താക്കീതു നൽകി.

#നടന്നു തീർന്നില്ല

രാവിലെ സ്ഥിരമുള്ള നടപ്പ് കൊറോണ പ്രതിരോധത്തിനിടയിലും തുടരുന്നതും ചിലർ പതിവാക്കി. പുത്തൻ കുരിശിലെ ഉൾ വഴികളിൽ നടപ്പുകാരുടെ എണ്ണം കൂടിയതോടെ പരാതിയായി. ആദ്യ ദിവസങ്ങളിൽ രണ്ടോ മൂന്നോ പേരുണ്ടായത് പൊലീസ് ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞതോടെ എണ്ണം കൂടി.ഇതും പരാതിയായതോടെ പുത്തൻകുരിശ് പൊലീസ് ഇടപെട്ട് നടത്തം നിർത്തിച്ചു.

#വലിച്ചു തീരാതെ

പുക വലി ശീലമാക്കിയവർക്ക് നിർത്താൻ കഴിയുന്നില്ല.സിഗരറ്റ് കിട്ടാനും മാർഗമില്ല .രാവിലെ മുതൽ വലിയ്ക്കാനായി പരക്കം പാച്ചിലാണ്.അവിടെയും ലാഭമുണ്ടാക്കാൻ കുറുക്കു വഴി തേടി ചിലരിറങ്ങി. പഴക്കടകളുടെ മറവിലാണ് സിഗരറ്റു കച്ചവടം, നാലു കുല പഴം വാങ്ങി കടയുടെ മുന്നിൽ തൂക്കും,ഇതിൻ്റെ മറവിൽ സിഗരറ്റ്,ബീഡി വില്പനയാണ് പണി. 6 രൂപ മുതൽ 17 രൂപ വരെയുള്ളത് 10 രൂപ മുതൽ 25 രൂപ വരെയാണ് വില്പന. ചില ഹോട്ടലുകളിലും വില്പന തുടങ്ങി.

#പട്ടിയെ വിട്ടു: യചമാനനെ പൂട്ടി

പുറത്തിറങ്ങാനുള്ള തെളിവിന് കാരണം കണ്ടെത്താനുള്ള പങ്കപ്പാടിലാണ് ചിലർ, പുത്തൻകുരിശിൽ ആഡംബര കാറിൽ പട്ടിയുമായാണ് യുവാവിൻ്റെ വരവ്. തടഞ്ഞു നിർത്തി ചോദിച്ചപ്പോൾ പട്ടിക്കു മരുന്നു വാങ്ങാനായി തെളിവുമായി ഇറങ്ങിയതാണെന്ന് പറഞ്ഞതോടെ പട്ടിയും, വണ്ടിയും അകത്ത്. പട്ടിയെ വിട്ടു,വണ്ടി ഇനി ലോക്ക് ഡൗൺ കഴിഞ്ഞു നൽകും.

#സാധനങ്ങൾ വാങ്ങി കൂട്ടുന്ന ശീലത്തിന് മാറ്റമില്ല

ചെറിയ ഉള്ളിയ്ക്ക് (120), ഉരുള കിഴങ്ങ് (48), സവാള (40) എന്നിവയൊഴിച്ച് പച്ചക്കറി വില മാറ്റമില്ലാതെ തുടരുമ്പോഴും, സർക്കാർ ഇടപെടലിനെ തുടർന്ന് പച്ചക്കറി വണ്ടികൾ മാർക്കറ്റുകളിൽ ഇന്നലെ മുതൽ കൃത്യമായി എത്തിയിട്ടും, പച്ചക്കറി ക്ഷാമമുണ്ടാകില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും, കട കാലിയാക്കി വാങ്ങി കൂട്ടുന്ന ശീലത്തിനും ഒരു മാറ്റമില്ല.

# സ്റ്റോക്കാക്കി അരിയും

നാളിതു വരെ നാലാളുള്ള വീട്ടിൽ, പത്ത് കിലോ അരിയിൽ കൂടുതൽ വാങ്ങാതിരുന്ന പലരുടെയും വീട്ടിൽ ഓരോ ചാക്ക് അരി വീതമായി 'കരുതൽ'. മൈദ,അവൽ, റവ,ഉണക്ക കപ്പ, കടല മാവ്, ബ്രെഡ് ,ബിസ്ക്കറ്റുകൾ തുടങ്ങിയവയും. ലോക്ക് ഡൗൺ കഴിയുമ്പോൾ ഒരു കട തുടങ്ങാനുള്ള സാധനങ്ങൾ സ്റ്റോക്കായി.