ആലപ്പുഴ: ആവശ്യസാധനങ്ങൾ വീടുകളിൽ എത്തിച്ചുള്ള വില്പന ആലപ്പുഴയിലും ആരംഭിച്ച് കൺസ്യൂമർഫെഡ്. ഫോണിലോ വാട്‌സ്ആപ്പിലോ വിവരം അറിയിക്കുന്നതനുസരിച്ച് സാധനം വീട്ടിലെത്തിക്കും. തിരുവനന്തപുരം,എറണാകുളം എന്നിവിടങ്ങളിൽ തുടക്കമിട്ട് പദ്ധതിയാണ് ആലപ്പുഴ ജില്ലയിലേയ്ക്കും വ്യാപിച്ചിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ആലപ്പുഴ നഗരസഭയിലാണ് ഹോം ഡെലിവറി സംവിധാനം നടപ്പാക്കാൻ ഉദേശിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഓർഡർ അനുസരിച്ച് മുൻഗണനാക്രമത്തിൽ അതേ ദിവസമോ അടുത്ത ദിവസമോ വീടുകളിൽ എത്തിച്ച് നൽകും. ത്രിവേണി സൂപ്പർ മാർക്കറ്റിലെ അതേ വിലയ്ക്കാണ് സാധനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി അഞ്ച് ജീവനക്കാരെ നഗരസഭാ പരിധിയിൽ നിയോഗിച്ചിട്ടുണ്ട്.ഏപ്രിൽ ഒന്നുമുതൽ ഓൺലൈൻ വ്യാപാരം കൺസ്യൂമർഫെഡ് ആരംഭിക്കും.
ഇതിനുപുറമെ ജില്ലയിൽ അഞ്ചു മൊബൈൽ ത്രിവേണികളും ആരംഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. അരൂർ, കുട്ടനാട്, ആലപ്പുഴ, കായംകുളം, മാവേലിക്കര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ആഴ്ചയിൽ ആറുദിവസവും ത്രിവേണി ഈ പ്രദേശങ്ങളിലെത്തും. കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പുകൾ അടച്ചതിനാൽ ഇവിടങ്ങളിലെ ജീവനക്കാരെയും ത്രിവേണി സൂപ്പർ മാർക്കറ്റുകളിലേക്ക് പുനർവിന്യസിക്കും.