കൊച്ചി: എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ചയാൾ താമസിച്ച ഫ്ളാറ്റിലെ 10 കുടുംബത്തിലെ അംഗങ്ങൾ നിരീക്ഷണത്തിൽ. മരിച്ചയാളുടെ മകൻ അടക്കം 49 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. മരിച്ചയാളുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർ കൊറോണ വൈറസ് ബാധയെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശിയായ 69കാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടികൊണ്ടുവന്ന ഭാര്യയ്ക്കും കാർ ഡ്രൈവറിനുമാണ് കൊറോണ സ്ഥിരീകരിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്.
ഇയാൾ രണ്ട് ബാങ്കിൽ പോയിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് ജീവനക്കാരെയും നിരീക്ഷണത്തിൽ ആക്കിയിരുന്നു. എന്നാൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. ദുബായിൽ നിന്ന് 16നാണ് ഇദ്ദേഹം കൊച്ചിയിൽ എത്തിയത്. പ്രാഥമിക ഘട്ട പരിശോധനയിൽ രോഗലക്ഷണങ്ങൾ കാണിക്കാതിരുന്നതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച് ആദ്യം വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടർന്ന് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 22നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇദ്ദേഹം കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് വേണ്ടി വന്നില്ല. ദുബായിൽ ബിസിനസുകാരനായ ഇയാൾ എല്ലാം മൂന്നുമാസം കൂടുമ്പോഴും നാട്ടിലെത്താറുണ്ട്.
കബറടക്കം കർശന നിയന്ത്രണങ്ങളോടെ ഇന്ന് നടക്കും. ആരോഗ്യ വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മേൽനോട്ടത്തിൽ കൊറോണ പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചാകും കബറടക്ക ചടങ്ങുകൾ നടത്തുന്നത്. വീട്ടിലേക്കു കൊണ്ടുപോകാതെ നേരിട്ട് പള്ളിയിലേക്കാണ് മൃതദേഹം കൊണ്ടുപോവുക. ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് രോഗ വ്യാപന സാധ്യതകളെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു എന്ന് അധികൃതർ വ്യക്തമാക്കുന്നു. മതപരമായ ചടങ്ങുകൾ ഒഴിവാക്കി മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെയാണ് മൃതദേഹം വിട്ടു നൽകുന്നത്. സുരക്ഷിത അകലത്തിൽ നിന്ന് മാത്രമെ സംസ്‌കാര ചടങ്ങുകൾ നടത്താൻ അനുമതിയുള്ളൂ. ചടങ്ങിൽ അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.