കോലഞ്ചേരി: കുറിപ്പടി ഇല്ലാതെ കുടിയന്മാർക്ക് മരുന്നില്ല. പിപ്പല്യാസവവും, ദ്രാക്ഷാരിഷ്ടവും തേടി ആയുർവേദ കടകൾക്ക് മുന്നിൽ കുടിയന്മാരുടെ ക്യൂ. കൈവിറ മാറ്റാൻ മാർഗം തേടുകയാണിവർ.
അരിഷ്ടത്തിന്റെ നിർമ്മാണ വേളയിൽ രൂപപ്പെടുന്ന ആൽക്കഹോളാണ് ചില അരിഷ്ടങ്ങളിൽ അല്പം 'കിക്കു'ണ്ടാക്കുന്നത്. മരുന്ന് കൂട്ടനുസരിച്ച് ലഹരിക്കും മാറ്റമുണ്ടാകും.പിപ്പല്യാസവത്തിലുള്ള പിപ്പലി ലഹരിയുണ്ടാക്കുന്നതാണ്.
ആയുർവേദമരുന്നുകൾ ആർക്കും എപ്പോഴും കഴിക്കാമെന്ന മിഥ്യാധാരണയാലാണ് അരിഷ്ടവും, ആസവവും പലരും തോന്നിയ പോലെ കഴിക്കുന്നത്.
നിശ്ചിതമായ അളവിലും ഡോസിലും മരുന്നുകൾ കൂടുതൽ അനാവശ്യമായി കഴിക്കുന്നത് കുടലിനകത്തുള്ള ക്യാൻസറുകൾ, അൾസർ, കരൾ രോഗങ്ങൾ തുടങ്ങിയവക്കിടയാക്കുമെന്ന് കോലഞ്ചേരി എ.വി.എം ആയൂർവേദാശുപത്രിയിലെ ഡോ.ജോർജ് പോൾ പറഞ്ഞു.
ഒരു നേരം 30 മില്ലിയാണ് ആയൂർവേദ മരുന്നുകൾ കഴിക്കാവുന്ന പരമാവധി അളവ്. കടകളിലോ, ക്ളിനിക്കുകളിലോ പൊട്ടിച്ചു കൊടുക്കൽ ഒഴിവാക്കണമെന്നും, അസുഖം പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിനു ശേഷം നിർബന്ധമാണെങ്കിൽ മാത്രം അരിഷ്ടം നിർദ്ദേശിച്ചാൽ മതിയെന്നുമാണ് ഡോക്ടർമാരുടെ തീരുമാനം.
മരുന്നു കടകളിൽ നിന്ന് കുറിപ്പടിയില്ലാതെ ചിലയിടങ്ങളിൽ നല്കുന്നതാണ് കുടിയന്മാർ മുതലാക്കുന്നത്.