കൊച്ചി: മനുഷ്യർ വീട്ടിൽ അടച്ചുപൂട്ടി കഴിയുന്ന കൊറോണ കാലത്ത് ഒരിറ്റു വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി അലയുന്ന തെരുവ് നായ്ക്കളെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ നിരത്തിലിറങ്ങി. ഹോട്ടലിലെ ഭക്ഷ്യാവശിഷ്‌ടങ്ങളും വേസ്റ്റ് ബിന്നുകളിലെ മാലിന്യവും കൊണ്ട് കഴിഞ്ഞുകൂടിയിരുന്ന തെരുവ് നായ്ക്കളെ ലോക്‌ഡൗൺ പട്ടിണിയിലാക്കി.

# പെറ്റ് ഫുഡിന് ക്ഷാമം

നഗരത്തിൽ പതിനായിരത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്. തെരുവ് നായ്ക്കളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന വൺനസ് ആണ് ഇപ്പോൾ ഇവയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. 20 പ്രവർത്തകർക്ക് രാവിലെയും വെെകിട്ടും മൂന്നു മണിക്കൂർ വീതം എട്ടു വാഹനങ്ങൾ നിരത്തിലിറക്കാൻ പൊലീസ് അനുമതിയും നൽകി​.

ഇന്നലെ മൂന്ന് കിലോ അരി വേവി​ച്ച് ഡ്രൈ ഫുഡുമായി കലർത്തി നായ്ക്കളെ ഉൗട്ടി. ഇന്നു മുതൽ പത്ത് കിലോ അരി പാകം ചെയ്യാനാണ് ഉദ്ദേശം.

# ലാളന വേണ്ട

നഗരത്തിന്റെ പല ഭാഗത്തായി വേസ്റ്റ് ബിന്നിനോട് അടുത്താണ് ഭക്ഷണം വയ്ക്കുക.മണം പിടിച്ച് അവ എത്തിക്കൊള്ളും. നായ്ക്കളോട് അധികം കൂട്ടിന് പോകരുതെന്ന് പ്രത്യേക നിർദേശമുണ്ട്. അടുപ്പം കാണിച്ചാൽ പെട്ടെന്നൊരു ദിവസം നമ്മളെ കാണാതായാൽ അവയ്ക്ക് സങ്കടമാവും. ദിവസവും വ്യത്യസ്ത സമയത്താവും ഭക്ഷണം എത്തിക്കുന്നത്. കൊറോണ കാലം കഴിഞ്ഞാൽ ഭക്ഷണത്തിനു വേണ്ടി അവ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഒഴിവാക്കാനാണ് ഈ മുൻകരുതൽ.

കളമശേരിയിൽ പൊലീസുകാർ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നുവെന്ന വാർത്ത ആശ്വാസമായി. പ്രവർത്തകരെ ലഭിക്കാത്തതിനാൽ വൈപ്പിൻകരയിൽ നായ്ക്കൾക്ക് തീറ്റ എത്തിക്കാൻ കഴിഞ്ഞിട്ടില്ല

അശ്വിനി പ്രേം

വൺനസ് ഭാരവാഹി

# പശ്ചിമകൊച്ചിയിൽ റോട്ടിബാങ്ക്

സന്നദ്ധ സംഘടനയായ ധ്യാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റോട്ടി ( ചപ്പാത്തി )ബാങ്കിൽ നിന്നാണ് പശ്ചിമകൊച്ചി, കുണ്ടന്നൂർ മേഖലകളിലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണമെത്തിക്കുന്നത്. വീടുകളിൽ നിന്നാണ് ഭക്ഷ്യശേഖരണം. കഴിഞ്ഞ ദിവസം അഞ്ഞൂറ് ചപ്പാത്തി ലഭിച്ചു.

# നായ്ക്കളോട് കനിവ് കാട്ടാം

കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷ്യാവശിഷ്‌ടങ്ങൾ അതാത് പ്രദേശത്തെ നായ്ക്കൾക്ക് നൽകാം . പഴയ ബക്കറ്റിലോ പാത്രങ്ങളിലോ വഴിയരികിൽ വെള്ളം വച്ച് ഈ വറുതി കാലത്ത് പക്ഷിമൃഗാദികളോട് കരുതൽ കാട്ടാം. . ചപ്പാത്തി, ബ്രെഡ് തുടങ്ങി വീട്ടിലെ ഏതു ഭക്ഷ്യാവശിഷ്‌ടങ്ങളും വഴിയരികിൽ വച്ചാൽ തെരുവ്നായ്ക്കൾക്ക് അനുഗ്രഹമാകുമെന്ന് മൃഗസ്നേഹികൾ ഓർമ്മിപ്പിക്കുന്നു