anwarsadath-mla
ആലുവയിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് പലവ്യഞ്ജന കിറ്റുകൾ കൈമാറുന്ന അൻവർ സാദത്ത് എം.എൽ.എ.

ആലുവ: കൊറോണയെന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ അർദ്ധപ്പട്ടിണിക്കാരന്റെ കുടുംബങ്ങൾക്ക് താങ്ങാവാൻ എവിടെയും സന്നദ്ധസംഘടനകൾ സജീവമായി രംഗത്തുണ്ട്. പ്രളയശേഷം സഹജീവികളോടുള്ള മനുഷ്യന്റെ കാരുണ്യം വെളിപ്പെടുത്തുന്ന സേവനമാണ് ആൾക്കൂട്ടങ്ങളില്ലാതെ എവിടെയും നടക്കുന്നത്.

കടത്തിണ്ണകളിലും വഴിയരികിലും അന്തിയുറങ്ങിയിരുന്ന ഇതര സംസ്ഥാനക്കാർക്കും കൂലിപ്പണിയെടുത്ത് ദൈനംദിന ചെലവുകൾ വഹിച്ചിരുന്ന സാധാരണക്കാരും ലോക്ക്ഡൗണിന്റെ പേരിൽ പട്ടിണിയാവില്ലെന്നതാണ് സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നത്. സൗജന്യറേഷനും ഭക്ഷ്യവസ്തുക്കളുമെല്ലാം നൽകുന്നതിന് സർക്കാർ നടപടിയെടുക്കുന്നുണ്ടെങ്കിലും ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കും മുമ്പേ സന്നദ്ധ സംഘടനകളുടെ സഹായം വീട്ടുമുറ്റത്ത് എത്തിക്കഴിഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് സാനിറ്റൈസറും മാസ്കും നൽകുന്നതിനും നിരവധി സംഘടനകൾ രംഗത്തുണ്ട്.

മഴയും മഞ്ഞും ചൂടുമെല്ലാം സഹിച്ച് ഇതുവരെ കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങിയിരുന്ന ഇതര സംസ്ഥാനക്കാർക്കും നാടോടികൾക്കുമെല്ലാം താത്കാലികമായി താമസിക്കുന്നതിനുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുക്കിയതോടെ അവരും കരുതലിന്റെ ആശ്വാസത്തിലാണ്. സമയത്തിന് ഭക്ഷണവും ലഭിക്കുന്നുണ്ട്. പലയിടത്തും നിർദ്ധന കുടുംബങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന കാര്യത്തിൽ സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയും പൊലീസ് വഹിക്കുന്നുണ്ട്. ആളുകൾക്ക് കൂട്ടമായി പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായതിനാലാണ് ഇക്കാര്യങ്ങളുടെയെല്ലാം ഏകോപന ചുമതലയും പൊലീസ് വഹിക്കുന്നത്.

നഗരത്തെ അണുവിമുക്തമാക്കി കൊറോണയെ പ്രതിരോധിക്കുന്നതിന് ഫയർഫോഴ്സിനും ആരോഗ്യ പ്രവർത്തകർക്കുമൊപ്പം സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. ആലുവ നഗരത്തെ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി വളണ്ടിയർമാർ നാല് ദിവസമെടുത്താണ് അണുവിമുക്തമാക്കിയത്.

# ട്രാൻസ്ജെൻഡേഴ്സിന് പലവ്യഞ്ജനകിറ്റുമായി എം.എൽ.എ

ആലുവ ചിത്ര ലെയിനിൽ താമസിക്കുന്ന പത്തോളം ട്രാൻസ്‌ജെൻഡർമാർക്ക് അൻവർ സാദത്ത് എം.എൽ.എ പലവ്യഞ്ജന കിറ്റുകൾ നൽകി. ഫോണിൽ വിളിച്ച് ബുദ്ധിമുട്ടുകൾ അറിയിച്ചതിനെ തുടർന്നാണ് നടപടി.

# ഭക്ഷ്യവസ്തുക്കൾ എത്തിച്ച് ജനമൈത്രി പൊലീസ്

കാലടി: ലോക്ക്ഡൗണിനെ തുടർന്ന് പുറത്തിറങ്ങാനാവാത്ത കുടുംബത്തിന് കാലടി ജനമൈത്രി പൊലീസ് ഭക്ഷ്യവസ്തുക്കൾ എത്തിച്ചുകൊടുത്തു. കാലടി സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെയും സബ് ഇൻസ്‌പെക്ടർ സ്റ്റെപ്റ്റോ ജോണിന്റെയും അഭ്യർത്ഥനപ്രകാരം എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോനാണ് രണ്ടാഴ്ചത്തേക്കുള്ള പലചരക്ക് സാധനങ്ങൾ എത്തിച്ചത്.

വീട്ടുകാരുടെ ബുദ്ധിമുട്ടറിഞ്ഞ പൊലീസ് അഫ്‌സൽ കുഞ്ഞുമോനെ വിവരം അറിയിക്കുകയായിരുന്നു. ഇവർക്ക് പുറമെ അസി. എസ്‌.ഐ ജോണി, സി,പി,ഒമാരായ അഭിലാഷ്, ജിയോ, എൻ.വൈ.സി ജില്ലാ വൈസ് പ്രസിഡന്റ് ഷെർബിൻ കൊറയ എന്നിവരും എത്തി.

# ഹെൽത്ത് സെന്ററിലേക്ക് മാസ്ക്

നെടുമ്പാശേരി: ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാസ്‌ക് കൈമാറി. മെഡിക്കൽ ഓഫീസർ ഡോ. എലിസബത്തിന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി 2000 മാസ്കുകളാണ് നൽകിയത്. പഞ്ചായത്തിലെ അന്യസംസ്ഥന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളും പഞ്ചായത്ത് വിതരണം ചെയ്തു.