കൊച്ചി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ കേരളത്തിലായതിന്റെ ആശങ്ക രൂക്ഷമാക്കി, സംസ്ഥാനത്തെ ആദ്യ മരണം കൊച്ചിയിലുണ്ടായി. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈനാണ് (69) ഇന്നലെ രാവിലെ എട്ടുമണിക്ക് മരിച്ചത്. കഴിഞ്ഞ 16ന് ദുബായിൽ നിന്നെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 22ന് കടുത്ത ന്യൂമോണിയ കാരണം എറണാകുളം മെഡിക്കൽ കോളേജിലെ കൊറോണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്നു. ബൈ പാസ് ശസ്‌ത്രക്രിയയ്‌ക്കും വിധേയനായിട്ടുണ്ട്. രണ്ടുദിവസം മുമ്പ് സേട്ടിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ മരണം സംഭവിച്ച വിവരം ആശുപത്രി നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീനാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.മുംബയ് സ്വദേശിയായ സേട്ട് വിവാഹം കഴിച്ചത് ചുള്ളിക്കലിൽ നിന്നാണ്. വർഷങ്ങളായി ഇവിടെയാണ് താമസം. ദുബായിൽ ബിസിനസ് നടത്തുകയാണ്. ഒരു മകൾ ഉൾപ്പെടെ അഞ്ച് മക്കളുണ്ട്. രണ്ട് ആൺമക്കൾ ഇരട്ടകളാണ്. രണ്ട് പേർക്ക് ദുബായിൽ ബിസിനസാണ്.
മൃതദേഹം കണ്ടത് അഞ്ച് ബന്ധുക്കൾ
കൊറോണ രോഗം ബാധിച്ച് മെഡിക്കൽ കോളേജിൽ കഴിയുന്ന ഭാര്യയെ മാത്രമാണ് സേട്ടിന്റെ മൃതദേഹം നേരിൽ കാണിച്ചത്. ജില്ലാ ഭരണകൂടം അറിയിച്ചതിനനുസരിച്ച് എത്തിയ നാലു ബന്ധുക്കളെ വീഡിയോയിലൂടെയും കാണിച്ചു. മട്ടാഞ്ചേരി ചുള്ളിക്കൽ കച്ചി ഹനഫി മസ്ജിദ് കബർസ്ഥാനിലായിരുന്നു സംസ്കാരം.
ആറു പേർക്ക് കൂടി വൈറസ് ബാധ;165 പേർ ചികിത്സയിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ ഇന്നലെ ആറു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 165 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
തിരുവനന്തപുരത്ത് രണ്ടു പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം. ആറുപേരും വിദേശത്ത് നിന്ന് വന്നവരാണ്.തിരുവനന്തപുരത്തെ ഒരാൾ ദുബായിൽ നിന്നും മറ്റൊരാൾ ബ്രിട്ടനിൽ നിന്നും എത്തിയതാണ്. ഇവരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ ചികിത്സയിലാണ്. വീട്ടിൽ നിരീക്ഷണത്തിലുള്ള രണ്ടാമത്തെയാളെ ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റും. കൊല്ലം സ്വദേശി തിരുവനന്തപുരത്ത് കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്. അദ്ദേഹത്തേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
സംസ്കാരം പ്രോട്ടോക്കാൾ പ്രകാരം
യാക്കൂബ് ഹുസൈന്റെ സംസ്കാരം ലാേകാരോഗ്യ സംഘടനയുടെ പ്രൊട്ടോക്കോൾ പ്രകാരമായിരുന്നു.
പത്തടി താഴ്ചയിൽ കുഴിയെടുത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹവുമായി വാഹനവ്യൂഹം മൂന്നുമണിയോടെ പുറപ്പെട്ടത്. മൂന്ന് ലെയറുള്ള കറുത്ത ബാഗിൽ പൊതിഞ്ഞാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് കൈമാറിയത്. ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരുടെ മേൽനോട്ടത്തിൽ, കൈയുറകളും മാസ്‌ക്കും ധരിച്ച സന്നദ്ധ പ്രവർത്തകർ മൃതദേഹം 108 ആംബുലൻസിൽ കയറ്റി. പൊലീസ് അകമ്പടിയിൽ ആംബുലൻസ് നീങ്ങി. പിന്നാലെ ഡോക്‌ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽസംഘം. വാഹനവ്യൂഹം പോയ വഴിയരികിലെ കടകളെല്ലാം പൊലീസ് അടപ്പിച്ചു. സംസ്‌കാര സ്ഥലത്തിന് സമീപമുള്ള വീടുകളിൽ നിന്ന് ആരെയും പുറത്തിറക്കിയില്ല. മൃതദേഹം കുഴിയിലേക്ക് എടുത്തുവയ്‌ക്കാനായി നാലു പേരെ പ്രവേശിപ്പിച്ചു. മൊത്തം പതിനഞ്ച് പേരാണ് സംസ്‌കാരത്തിൽ പങ്കെടുത്തത്. അഞ്ച് ബന്ധുകളും പുരോഹിതൻ ഉൾപ്പെടെ അഞ്ച് സന്നദ്ധ പ്രവർത്തകരും അഞ്ച് സർക്കാർ പ്രതിനിധികളും. പുരോഹിതൻ മൃതദേഹത്തെ സ്‌പർശിക്കാതെ മതാചാര ചടങ്ങുകൾ നടത്തി. ജനങ്ങൾ ഭയചകിതരാകാതിരിക്കാൻ വാഹനവ്യൂഹം പോകുന്നത് ലൈവായി കാണിക്കരുതെന്ന് മാദ്ധ്യമങ്ങൾക്ക് കൊറോണ കൺട്രോൾ റൂം നിർദ്ദേശം നൽകിയിരുന്നു. നൂറിലധികം പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങൾ.