കൊച്ചി: സുപ്രധാന ടൂറിസ്റ്റ്‌കേന്ദ്രവും മെട്രോ നഗരവുമായ കൊച്ചിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നഗരത്തിൽ ഒരു സീനിയർ ഐ.എ.എസ്. ഓഫീസറെ കൊറോണ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽ കുമാറിനും പ്രിൻസിപ്പൽ സെക്രട്ടറിക്കും ഈ ആവശ്യം ഉന്നയിച്ച് കത്ത് അയച്ചിട്ടുണ്ടെന്നും മേയർ അറിയിച്ചു.നഗരത്തിലെ സ്ഥിതിഗതികൾ സങ്കീർണ്ണമാണെന്നും നഗരവാസികൾ ആശങ്കാകുലരാണെന്നും മേേർ പറഞ്ഞു.
നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന അഞ്ചു കമ്മ്യൂണിറ്റി കിച്ചൺ സെന്ററുകളിൽ നിന്ന്‌ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും നിരാലംബരും നിരാശ്രയരുമായ അന്തേവാസികൾക്കുമടക്കം 3412പേർക്ക് ഇന്നലെ ഭക്ഷണം വിതരണം ചെയ്തു. 258 പുരുഷൻമാരും 16 സ്ത്രീകളുമടക്കം 274 ഇതര സംസ്ഥാനക്കാർക്ക് എസ്.ആർ.വി. സ്‌കൂളിൽ താമസമൊരുക്കി. ഇവർക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്തു. ജില്ലാ മെഡിക്കൽ വിഭാഗത്തിന്റെ സഹകരണത്തോടെ വൈദ്യപരിശോധന നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന തെരുവീഥികളും ജംഗ്ഷനുകളും ബസ് സ്റ്റോപ്പുകളും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ അണുനശീകരണം നടത്തി​യെന്നുംമേയർ പറഞ്ഞു.