പറവൂർ : പുത്തൻവേലിക്കര പഞ്ചായത്തിൽ ബസ് സ്റ്റാൻഡും ശ്മശാനവും നിർമിക്കാൻ ബഡ്ജറ്റിൽ 1. 5 കോടി രൂപ വകയിരുത്തി. 32. 96 കോടി രൂപ വരവും 32. 6l കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ലിസി ഷാജു അവതരിപ്പിച്ചു. ലൈഫ് ഭവനപദ്ധതി, കുടിവെള്ള വിതരണം, മാലിന്യസംസ്കരണം, പകർച്ചവ്യാധി നിയന്ത്രണം എന്നിവയ്ക്ക് മുൻതൂക്കം നൽകിയിട്ടുണ്ട്. ലൈഫ് ഭവനപദ്ധതിയിൽ ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ ഭൂരഹിതർ, ഭൂരഹിത - ഭവനരഹിതർ, ഭവനരഹിതർ എന്നിവരുടെ ഉന്നമനത്തിനായി 5.25 കോടി രൂപയും പഞ്ചായത്തിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് 1. 88 കോടി രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് 43 ലക്ഷം രൂപയും പകർച്ചവ്യാധി നിയന്ത്രണത്തിന് 5 ലക്ഷവും വകയിരുത്തി. യോഗത്തിൽ പ്രസിഡന്റ് പി.വി. ലാജു അദ്ധ്യക്ഷത വഹിച്ചു.