ആലുവ: ആലുവ നഗരസഭയുടെ കുടിവെള്ള പദ്ധതിക്കെതിരെ വൈസ് ചെയർപേഴ്സൺ രംഗത്തെത്തിയത് പുതിയ വിവാദമായി. ജനങ്ങളുടെയും നേതൃത്വത്തിന്റെയും അഭിപ്രായം മാനിച്ച് പദ്ധതിയോട് വിയോജിപ്പ് രേഖപ്പെടുത്തുന്നതായും നടപടിക്രമങ്ങൾ നിർത്തിവെയ്ക്കണമെന്നും വൈസ് ചെയർപേഴ്സൺ സി. ഓമന സെക്രട്ടറിക്ക് രേഖാമൂലം നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
31ന് മുമ്പ് നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് വൈസ് ചെയർപേഴ്സൺ അവസാനനിമിഷം പദ്ധതിക്ക് പാരയുമായെത്തിയതെന്നാണ് ആക്ഷേപം.
ആലുവ മുനിസിപ്പൽ ലൈബ്രറി വളപ്പിൽ പദ്ധതി ആരംഭിക്കാൻ നേരത്തെയെടുത്ത തീരുമാനം എതിർപ്പിനെത്തുടർന്ന് മുനിസിപ്പൽ പാർക്കിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കൗൺസിൽ എെകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. ചില സ്വതന്ത്ര കൗൺസിലർമാരും ഒരു ബി.ജെ.പി അംഗവും പദ്ധതിക്കെതിരെ പുറത്ത് അഭിപ്രായം പറഞ്ഞെങ്കിലും കൗൺസിൽ യോഗത്തിൽ നിശബ്ദരായിരുന്നു.
അഞ്ച് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് 25 ലക്ഷം രൂപ മുടക്കിയാണ് ശുദ്ധജല വിതരണ യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിൽ രണ്ട് പേർ ഇരു മുന്നണികളിലെയും കൗൺസിലർമാരാണ്. 12.5 ലക്ഷം സർക്കാർ സഹായവും ബാക്കി അംഗങ്ങൾ ബാങ്ക് വായ്പയുമെടുത്താണ് പദ്ധതി ആരംഭിക്കുന്നത്.
പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായതോടെയാണ് ലോക്ക്ഡൗൺ വന്നത്. ഇതോടെ സമയം ദീർഘിപ്പിച്ച് കിട്ടുമെന്ന പ്രതീക്ഷയിൽ കഴിയുമ്പോഴാണ് ഇടിത്തീപോലെ വൈസ് ചെയർപേഴ്സൺ രംഗത്തെത്തിയത്. റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയവഴി ജലം ശുദ്ധീകരിച്ച് വലിയ ജാറുകളിലാക്കി വിൽക്കുകയാണ് ലക്ഷ്യം. നാല് സെന്റ് സ്ഥലമാണ് പദ്ധതിക്ക് ആവശ്യം. സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല മാത്രമാണ് കുടുംബശ്രീ യൂണിറ്റിന്. അവകാശം നഗരസഭക്ക് തന്നെയായിരിക്കും. നിലവിൽ കുടിവെള്ളം ലഭിക്കുന്നതിന്റെ 50 ശതമാനം തുക കുറച്ച് വെള്ളം എത്തിക്കാൻ കഴിയും. അതിനാൽ ചില സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് ചിലർ പദ്ധതിക്കെതിരെ രംഗത്ത് വരുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.