അങ്കമാലി :ഐക്കാട്ടുകടവ് പാടശേഖരത്തിൽ ഇന്നലെയും തീ പടർന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഈ പാടശേഖരത്ത് അഗ്നി സുരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇന്നലെ രാവിലെ 10 മണിയോടെ തീ വീണ്ടും പടർന്നുപിടിക്കുകയായിരുന്നു. വൈകിട്ട് 4 മണിവരെ അഗ്നിസുരക്ഷാസേനയും നാട്ടുകാരും ചേർന്ന് കഠിനപരിശ്രമം ചെയ്താണ് തീ അണച്ചത്.
സീനിയർ ഫയർ ഓഫീസർ ബിജു ആന്റണിയുടെ നേതൃത്വത്തിലെത്തിയ ഫയർഫോഴ് സംഘത്തിൽ അജിത്ത്കുമാർ, ഷിബു, എം.ആർ. അരുൺ, രജിത്കുമാർ, വി.ആർ. രാഹുൽ, അനിൽ മോഹൻ എന്നിവരുണ്ടായിരുന്നു.
അഞ്ച് ഏക്കറോളം വരുന്ന പാടശേഖരത്തിൽ കഴിഞ്ഞ പത്തുവർഷമായി കൃഷി ഇറക്കിയിട്ടില്ല. തീ അണച്ചശേഷം നാട്ടുകാർ ട്രാക്ടർ ഇറക്കി കളമറിച്ചുകൊണ്ടിരിക്കുകയാണ്.