കൊച്ചി: അമിതമദ്യപാനികളോടും മദ്യപാനത്തിനൊപ്പം മാനസികരോഗവുമുള്ളവരോടും ലോക്ക് ഡൗൺ കാലത്ത് പ്രത്യേക ശ്രദ്ധയും അനുഭാവപൂർണമായ സമീപനവും സർക്കാർ സ്വീകരിക്കണമെന്ന് മന:ശാസ്ത്ര വിദഗ്ദ്ധർ. ആത്മഹത്യാ മനോഭാവം പ്രകടിപ്പിക്കുന്ന മദ്യപാനികൾക്ക് സാരമായ ആരോഗ്യ മാനസിക പ്രശ്നങ്ങളുണ്ടാകുമെന്ന് അവർ പറയുന്നു.

മദ്യപിക്കുന്നവർ നാല് തരമുണ്ടെന്ന് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.എസ്.ഡി സിംഗ് പറഞ്ഞു.

മിതമായി വല്ലപ്പോഴും മദ്യപിക്കുന്നവർ

മിതമാണെങ്കിലും പതിവായി മദ്യപിക്കുന്നവർ

മദ്യപാനത്തോടൊപ്പം മനസികരോഗമുള്ളവർ

ഇച്ഛാശക്തി ഉണ്ടെങ്കിൽ മദ്യപാനം നിറുത്താൻ ബുദ്ധിമുട്ടില്ലാത്തവരാണ് ആദ്യ വിഭാഗം. ഇച്ഛാശക്തിക്കപ്പുറമുള്ള ചില കാര്യങ്ങൾ അവർ ഗൗരവത്തോടെ പറയും. അർത്ഥമില്ലാത്ത ന്യായീകരണങ്ങളാണവ. വിദഗ്ദ്ധമായ കൗൺസിലിംഗിലൂടെ ഇവർക്ക് ലോക്ക് ഡൗൺ പ്രയോജനപ്പെടുത്തി മദ്യപാനം നിറുത്താൻ സാധിക്കും.

രണ്ടാമത്തെ വിഭാഗത്തിന്റെ തലച്ചോറിന്റെ ഘടനയും നാഡീഞരമ്പുകളുടെ പ്രവർത്തനവും സാധാരണ ഗതിയിലായിരിക്കില്ല. ചിലർക്ക് പിന്മാറ്റ ലക്ഷണങ്ങൾ ഉണ്ടായേക്കും. ചിലരിൽ ഗുരുതരമായിരിക്കും. അവർക്കു ശാരീരികമായ തകരാറുകളുണ്ടാകാം. ഡോക്ടറുമായി സത്യസന്ധമായി സംസാരിച്ചാൽ പരിശോധിച്ച് മരുന്നുകൾ നൽകാൻ സാധിക്കും. ഇച്ഛാശക്തിയും ഡോക്ടറുടെ സഹായവും മാർഗദർശനവും ലഭിച്ചാൽ ഇവർക്ക് മദ്യപാനം നിറുത്താൻ കഴിയും.

മൂന്നാമത്തെ വിഭാഗക്കാരെ വളരെ ഗൗരവത്തോടെ കാണണം. മദ്യപാനം നിറുത്തേണ്ടിവരുമ്പോൾ 'ഫിറ്റ്സ് ' ഉൾപ്പെടെ ഗുരുതരമായ പിന്മാറ്റലക്ഷണങ്ങൾ ഉണ്ടാവും. ചിലർ അക്രമാസക്തരാകും. ആത്മഹത്യ പോലും സംഭവിക്കാം. മദ്യപാനം നിലയ്ക്കുമ്പോൾ ഇക്കൂട്ടർ ശാരീരികമായും മാനസികമായും താറുമാറാവും. നല്ല ആശുപത്രിയുടെയും മനോരോഗവിദഗ്ദരുടെയും സഹായമില്ലാതെ രക്ഷിക്കാൻ കഴിയില്ല.

നാലാമത്തെ വിഭാഗക്കാരുടെ ചികിത്സ എളുപ്പമല്ല. പരിചയ സമ്പന്നരായ മനോരോഗവിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ മികച്ച ആശുപത്രികളിൽ മാത്രമേ ഇവരെ വിജയകരമായി ചികിത്സിച്ചു രക്ഷപെടുത്താൻ സാധിക്കൂ. ആത്മഹത്യാ പ്രവണത ഉൾപ്പെടെ ഉന്മാദം, വിഷാദരോഗം, സ്‌കിസോഫ്രേനിയ, അതിരുകടന്ന ആകാംക്ഷ തുടങ്ങിയവ അവരുടെ പെരുമാറ്റവും ചിന്താരീതികളും തകരാറിലായിരിക്കും. ശ്രദ്ധാപൂർവം ചികിത്സിക്കേണ്ട വിഭാഗമാണിത്.

മൂന്നും നാലും വിഭാഗങ്ങളോട് സർക്കാരും ഉദ്യോഗസ്ഥരും അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് ഡോ.എസ്.ഡി. സിംഗ് പറഞ്ഞു.