liquor

കൊച്ചി: കൊറോണക്കാലത്ത് പ്രതിരോധത്തിനു പ്രത്യേക നടപടികൾ പ്രഖ്യാപിച്ചതു പോലെ മദ്യപന്മാരെ ചികിത്സിക്കാനും പ്രത്യേക സംവിധാനം വേണമെന്ന് ഡോക്ടർമാർ. മദ്യലഭ്യത തീർത്തും ഇല്ലാതായതോടെ കടുത്ത മദ്യപന്മാർ ആത്മഹത്യ ചെയ്യുനതായുള്ള വാർത്തകൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സാസൗകര്യം ഒരുക്കണമെന്നും ഗുരുതരമായ അവസ്ഥയിലുള്ളവർക്ക് പ്രത്യേക സൗകരം ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം. മദ്യപരിൽ 70 ശതമാനവും ഇത് ഒഴിവാക്കാൻ കഴിയാത്തവരും 30 ശതമാനം പേർ ചികിത്സ സ്വീകരിക്കാൻ കഴിയുന്നവരുമാണ്. സ്ഥിരം മദ്യപിച്ചിരുന്നവർക്ക് മദ്യം കിട്ടാതെ വരുമ്പോഴത്തെ പ്രശ്‌നങ്ങളാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വിത്ഡ്രാവൽ സിംപ്‌റ്റംസ് എന്നാണ് ഡോക്ടർമാർ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഇത് പല വിധത്തിലുണ്ട്. ചിലർക്ക് ചെറിയതോതിലും മറ്റു ചിലർക്ക് വളരെ ഗുരുതരാവസ്ഥയിലും വരും. ചെറിയതോതിൽ വരുന്നതാണ് വിറയൽ, അസ്വസ്ഥത തു‌ടങ്ങിയവ. ഗുരുതര സ്ഥിതിയിൽ ബോധം നഷ്ടമാകുക, അക്രമാസക്തരാകുക, ആത്മഹത്യാപ്രവണത, അപസ്‌മാരം തുടങ്ങിയവ ഉണ്ടാകും. ചിലർക്ക് ശരീരത്തിനകത്ത് രക്തസ്രാവവും സംഭവിക്കാം. ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാം.

സ്‌മോളും ലാർജും!

വിത്ഡ്രാവൽ സിംപ്‌റ്റംസ് ഉള്ളവരെ രണ്ടായി തിരിക്കണം- ആൽക്കഹോൾ റിലേറ്റഡ് മെഡിക്കൽ കണ്ടിഷൻ ഉള്ളവരും ഇത്തരം മെഡിക്കൽ കണ്ടിഷൻ ഇല്ലാത്തവരും. കരൾ രോഗങ്ങളാണ് ആദ്യത്തേതിൽ പ്രധാനം. ലിവർ സിറോസിസ്, മഞ്ഞപ്പിത്തം, പാൻക്രിയാസിന് നീര് തുടങ്ങിയ രോഗങ്ങൾ. ഇവർക്ക് രോഗം മാറ്റാൻ മദ്യം നൽകണമെന്ന് നിർദേശിക്കാനാകില്ല. അപൂർവം ചിലർക്ക് ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലായി ആഘാതത്തിന് സാദ്ധ്യതയുണ്ട്. ഞരമ്പുകൾക്കും തലച്ചോറിനും രോഗങ്ങൾ വരാം. മെഡിക്കൽ രീതിയിൽ ഇവരെ കൈകാര്യം ചെയ്യണം. അതിന് മരുന്നുകൾ ലഭ്യമാണ്. കുടുംബാംഗങ്ങൾ ഉത്തരവാദിത്വമേറ്റാൽ വീട്ടിൽ കഴിക്കാവുന്ന മരുന്നുകൾ മതി. ചെറിയ പ്രശ്‌നങ്ങൾ നിയന്ത്രിക്കാനാണ് മരുന്നുകൾ. കുടുംബത്തിന്റെും സമൂഹത്തിന്റെയും പിന്തുണ ഇവർക്ക് അനിവാര്യമാണ്.

ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവരെ കിടത്തി ചികിത്സിക്കുകയേ മാർഗമുള്ളു. ഇത്തരക്കാരാണ് സ്ഥിരം മദ്യപന്മാരിൽ ഭൂരിപക്ഷവും. കുറെപ്പേരെ ഐ.സി.യുവിൽ കിടത്തേണ്ടിവരും. കെട്ടിയിട്ടുവരെ ചികിത്സ നൽകേണ്ട അവസ്ഥയുള്ളവരുണ്ടാകാം. സ്ഥലകാലബോധം നഷ്ടപ്പെട്ട നിലയിലുമെത്താം. സ്വയം നിയന്ത്രിക്കാൻ കഴിയാത്തവരാകും ഇവർ. പ്രത്യേക ചികിത്സ വേണ്ടിവരും. ആവശ്യമായ മരുന്നുകളും കുത്തിവയ്പ്പുകളും സുലഭമാണ്. അമിതമായ മദ്യപാനം മൂലം അവയവങ്ങൾക്ക് പ്രത്യക്ഷത്തിൽ കുഴപ്പമില്ലാത്ത ഒരു വിഭാഗമുണ്ട്. രാവിലെ മുതൽ മദ്യം കഴിക്കുന്നവർ ഇവരിലുണ്ടാകും. രോഗങ്ങളില്ലെങ്കിലും ഇവരെയും രോഗികളായി കാണണം. അത്തരക്കാരെയും പരിശോധിക്കണം.

# വീടും സമൂഹവും ഒപ്പം വേണം

വീട്ടുകാരും സമൂഹവും മദ്യം ലഭിക്കാത്തവരുടെ അവസ്ഥയെ തമാശയായി കാണരുത്. ശല്യക്കാരായി കണ്ടാൽ കൂടുതൽ ആത്മഹത്യകൾക്ക് സാദ്ധ്യതയുണ്ട്. അവരെ രോഗികളായി കണ്ട് ചികിത്സിച്ച് രക്ഷിക്കാൻ കഴിയണം. ഡോക്ടർക്ക് മുമ്പിൽ ഇത്തരക്കാരെ എത്തിക്കുകയാണ് പ്രധാനം. ഡോക്ടർക്ക് അവരുടെ സ്ഥിതി മനസിലാക്കാൻ കഴിയും. എത്ര ഗുരുതരമാണ്, ആത്മഹത്യാപ്രവണതയുണ്ടോ തുടങ്ങിയവ കണ്ടെത്താം.മറ്റു രോഗങ്ങളില്ലാതെ,​ മദ്യം കിട്ടാത്തതിന്റ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അതു ലഭ്യമാക്കുക മാത്രമാണ് പോംവഴി. അസാധാരണഘട്ടം നേരിടാൻ അവർക്ക് മറ്റു മാർഗങ്ങളില്ല. അതിന്റെ പ്രായോഗിക, നിയമപ്രശ്നങ്ങൾ പരിശോധിക്കേണ്ടത് സർക്കാരാണ്. ഡോക്ടറുടെ കുറിപ്പു പ്രകാരം മദ്യം നൽകാമെന്നു പറയുന്നത് തമാശയായി തോന്നുമെങ്കിലും മോശം കാര്യമല്ല അത്. രോഗികളെ വ്യക്തിഗതമായി വിലയിരുത്തിയേ ചികിത്സയാണോ നിയന്ത്രിത അളവിൽ മദ്യം തന്നെ നൽകുകയാണോ വേണ്ടതെന്ന് തീരുമാനിക്കാനാവൂ.

# മാനസികനില നാലുവിധം

നാലു വിധത്തിൽ മാനസിക ബുദ്ധിമുട്ട് നേരിടുന്നവരാണ് മദ്യപന്മാരെന്ന് മന:ശാസ്ത്രജ്ഞർ പറയുന്നു. മിതമായി വല്ലപ്പോഴും മദ്യപിക്കുന്നവർ, മിതമാണെങ്കിലും പതിവായി മദ്യപിക്കുന്നവർ, സമയവും കാലവും നോക്കാതെ മദ്യപിക്കുന്നവർ, മദ്യപാനത്തിനൊപ്പം മാനസികരോഗം ബാധിച്ചവർ. ഒന്നും രണ്ടും വിഭാഗങ്ങളിൽപ്പെട്ടവരുടെ മദ്യപാനം ചികിത്സയിലൂടെയും കൗൺസലിംഗിലൂടെയും നിയന്ത്രിക്കാം. മൂന്നാമത്തെ വിഭാഗത്തിലുള്ളവരാണ് അക്രമാസക്തരാകുന്നതും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നതും. ഇവർക്ക് ആശുപത്രിചികിത്സ തന്നെ നൽകണം. നാലാം വിഭാഗം കുറെക്കൂ‌ടി പ്രശ്നക്കാരാണ്. ആത്മഹത്യാ പ്രവണത, ഉന്മാദം, അതിരുകടന്ന ആകാംക്ഷ എന്നിവയെ മറികടക്കാൻ ഇവർക്ക് പ്രായസമാണ്. മദ്യം ലഭ്യമല്ലാത്ത കാലത്ത് മൂന്നും നാലും വിഭാഗങ്ങളോട് പ്രത്യേക അനുഭാവവും ശ്രദ്ധയും പുലർത്തി ചികിത്സ നൽകണം.

വിവരങ്ങൾക്ക് കടപ്പാട് :

ഡോ. ജോണി സിറിയക്,​ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്,​ ലിസി ആശുപത്രി, എറണാകുളം

ഡോ.എസ്.ഡി. സിംഗ്,​ സീനിയർ സൈക്യാട്രിസ്റ്റ്,​ ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ,​ എറണാകുളം