തൃപ്പൂണിത്തുറ: വരകൾക്കും വർണങ്ങൾക്കും തൽക്കാലം വിട നൽകി ചിത്രകാരൻ എവറസ്റ്റ് രാജ് എന്ന എം.കെ രാജേന്ദ്രൻ കോറോണക്കാലത്ത് അക്ഷരങ്ങളുടെ ലോകത്താണ്. തെക്കൻ പറവൂരിലെ മുട്ടത്ത് വീട്ടിലിരുന്ന് തന്റെ ചിരകാല അഭിലാഷമായ നോവൽ എഴുതി തീർക്കുകയാണ് അദ്ദേഹം.
അരനൂറ്റാണ്ടു മുമ്പുള്ള കുണ്ടന്നൂർ ഗ്രാമത്തിൽ നിന്നും ആരംഭിക്കുന്ന കഥാകാരന്റെ ജീവിതയാത്ര ഫിൻലാൻഡിൽ വരെ എത്തുന്നുണ്ട്. കേരളത്തിലെയും ഫിൻലാൻഡിലെയും സാമൂഹ്യ, രാഷ്ടീയ പശ്ചാത്തലത്തിലൂടെയാണ് നോവലിന്റെ പ്രയാണവും.
ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്ന നോവലിന് ഇനിയും പേരിട്ടിട്ടില്ലെന്ന് എവറസ്റ്റ് രാജ് പറഞ്ഞു. ഇംഗ്ലീഷ് പതിപ്പ് ഫിൻലാൻഡിൽ പ്രസിദ്ധീകരിക്കും. മലയാളത്തിൽ എഴുതുന്ന നോവൽ പരിഭാഷപ്പെടുത്തുന്നത് ഇംഗ്ലീഷ് അദ്ധ്യാപികയായ ഭാര്യ സുദർശന രാജാണ്.
ഏറെക്കാലം ഫിൻലാൻഡിലായിരുന്ന എവറസ്റ്റ് രാജ് ഇന്ത്യയിലും വിദേശത്തുമായി അൻപതിലധികം സോളോ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ഇപ്പോൾ ഫിൻലാൻഡിലും എസ്റ്റോണിയയിലും പ്രദർശനം നടന്നു വരുന്നു.
1999ൽ ഇൻസൈറ്റ് ആർട്ട് ഫൗണ്ടേഷൻ അവാർഡും, 2013 ബാലദിന പുരസ്‌ക്കാരവും മറ്റ് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കേരള ചിത്രകലാ പരിഷത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായ എവറസ്റ്റ് രാജ് തൃപ്പൂണിത്തുറ കോട്ടയ്ക്കകത്ത് ഗാന്ധിയൻ ആർട്ട് ഗ്യാലറിയും തുറന്നു. ചിത്രരചനാ പരിശീലനവും ഇവിടെ നൽകിവരുന്നു.