ആലുവ: കൊറോണ രോഗനിർണയത്തിനുളള കാലതാമസം പരിഹരിക്കുന്നതിനായി ചൈനീസ് കമ്പനി കണ്ടെത്തിയ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ 10,000 കിറ്റുകൾ സ്പോൺസർ ചെയ്യാൻ ആളെ കണ്ടെത്തി അൻവർ സാദത്ത് എം.എൽ.എ.

സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ കുവൈറ്റിലെ ഒരു സ്ഥാപനം മുഖേന 10,000 കിറ്റ് സ്‌പോൺസർ ചെയ്യിപ്പിച്ച് എത്രയും വേഗം കേരളത്തിൽ എത്തിക്കാമെന്നാണ് എം.എൽ.എ അറിയിച്ചിരിക്കുന്നത്. രക്തപരിശോധനയിലൂടെ 15 മിനിറ്റിനകം രോഗ നിർണയം സാദ്ധ്യമാകുമെന്നതാണ് കിറ്റിന്റെ പ്രത്യേകത. ചൈനയിലും പിന്നീട് കുവൈറ്റിലും വിജയകരമായി പരീക്ഷിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റിനെ സംബന്ധിച്ച് ഏതാനുംദിവസം മുമ്പ് എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഇത് ഉപയോഗിക്കണമെങ്കിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഐ.സി.എം.ആറിന്റെ അനുമതി വേണം. ഇതിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പ് നൽകിയിരുന്നു. സർക്കാർ അനുമതി കിട്ടിയാൽ പരിശോധനാ കിറ്റുകൾ കേരളത്തിൽ എത്തിക്കാൻ സ്പോൺസർ തയ്യാറാണ്. സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പതിനായിരം കിറ്റിന് 50 ലക്ഷത്തിലേറെ രൂപ വിലവരും. ഇക്കാര്യത്തിൽ സർക്കാർ നടപടികൾ വേഗം പൂർത്തിയാക്കണം. കിറ്റുകൾ കൈമാറുന്നത് സംസ്ഥാന സർക്കാരിനാണ്. യാതൊരു കാരണവശാലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കിറ്റ് നേരിട്ട് വിതരണം ചെയ്യുന്നതല്ല.