കോതമംഗലം: ലോക്ക് ഡൗൺ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ 15 ഓളം പേർക്കെതിരെ ഇന്നലെ കോതമംഗലം പൊലീസ് കേസെടുത്തു.കൂട്ടം കൂടി നിന്നവരിൽ 7 പേർക്കെതിരെയും അനധികൃതമായി വാഹനം ഓടിച്ച 8 പേർക്കെതിരെയുമാണ് കേസെടുത്തത്. ഇരുചക്രവാഹന യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും ഹെൽമറ്റ് ഇല്ലായിരുന്നു. ഇവരുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. 14-ാം തീയതി കഴിഞ്ഞ് സർക്കാർ തീരുമാനം വന്നതിന് ശേഷം മാത്രമെ വാഹനങ്ങൾ വിട്ടുകൊടുക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

ടൗണിൽ എന്താണ് നടക്കുന്നത് എന്നറിയാനാണ് ഇപ്പോഴും ആളുകൾ കറങ്ങി നടക്കുന്നത്. താലൂക്കിൻ്റെ എല്ലാ മേഘലകളിലും പൊലീസ് പരിശോധന കർശനമാക്കി. സത്യവാങ്മൂലമോ, പാസൊ, തിരിച്ചറിയൽ കാർഡൊ പൊലീസിനെ കാണിച്ച് ആവശ്യം ബോധ്യപ്പെടുത്തി യാത്ര ചെയ്യുന്നവരാണ് ഭൂരിപക്ഷവും. പരിശോധന കർശനമാക്കുകയും കേസ് എടുക്കുകയും ചെയ്തതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി പൊലീസ് പറയുന്നു. സമീപ പൊലീസ് സ്റ്റേഷനുകളിലും സ്ഥിതി വ്യത്യസ്ഥമല്ല, പോത്താനിക്കാട് സ്റ്റേഷനിൽ 5 വാഹനങ്ങൾക്കെതിരെ കേസെടുത്തപ്പോൾ കോട്ടപ്പടിയിൽ 15 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പരിശോധന ശക്തമായതോടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം വളരെ കുറഞ്ഞതായും ശക്തമായ നടപടിയിലൂടെ പൊതുജനങ്ങളുടെ സമീപനം കൂടുതൽ അനുകൂലമാകുന്നുണ്ടെന്നും പൊലീസ് പറയുന്നു.