badhusha
ഇബ്രാഹിം ബാദുഷ കൊറോണ വിരുദ്ധ ബോധവത്കരണ കാർട്ടൂണുകളുടെ പണിപ്പുരയിൽ.

ആലുവ: സംസ്ഥാനത്തിനകത്തും പുറത്തും കാർട്ടൂൺ ക്ളാസുകളെടുത്ത് ഓടിനടന്നിരുന്ന കേരള കാർട്ടൂൺ അക്കാഡമി മുൻ വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷ ഒരാഴ്ചയോളമായി ഭാര്യക്കും കുട്ടികൾക്കുമൊപ്പം വീടിനകത്ത് തന്നെയാണ്. തന്റെ കാർട്ടൂൺ രചനയ്ക്ക് വിശ്രമമില്ലെന്നുമാത്രം. ഇപ്പോൾ ബാദുഷ വരച്ചുകൂട്ടുന്നത് കൊറോണ വിരുദ്ധ ബോധവത്കരണ ചിത്രങ്ങളാണെന്ന് മാത്രം.

തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്കൂളിനടുത്ത് താമസിക്കുന്ന ഇബ്രാഹിം ബാദുഷ ഇതിനകം 25ലേറെ കൊറോണ വിരുദ്ധ ബോധവത്കരണ കാർട്ടൂണുകളാണ് വരച്ചത്. മൂന്നാം ക്ളാസുകാരനായ മകൻ ഫനാനും എൽ.കെ.ജി വിദ്യാർത്ഥിനി ഐഷയും ഒപ്പമുണ്ട്. നേരത്തെയും സാമൂഹ്യനന്മ ലക്ഷ്യമാക്കി ബാദുഷ നിരവധി കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി ചേർന്നും ഗതാഗത നിയമങ്ങൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പുമായി ചേർന്നും ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രളയാനന്തരം ആലുവ റെയിൽവേ സ്റ്റേഷനിൽ തത്സമയ കാരിക്കേച്ചർ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും മാതൃകകാട്ടിയിട്ടുണ്ട്.

കൊറോണ പ്രതിരോധ കാർട്ടൂണുകൾ വരച്ച് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ ഐ.എം.എയുടെ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബാദുഷ പറയുന്നു. ഐ.എം.എയുടെ സൈറ്റുകളിലെല്ലാം ഇപ്പോൾ ബാദുഷയുടെ കാർട്ടൂണുകളാണ്. വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരും ബാദുഷയുടെ കാർട്ടൂണുകളുടെ പ്രചാരകരായുണ്ട്. ഒരു ദശലക്ഷത്തിലേറെ കാഴ്ചക്കാരുള്ള ബാദുഷയുടെ ടിക് ടോക്കുകളിലും ഇപ്പോൾ കൊറോണ വിരുദ്ധ സന്ദേശങ്ങളാണ്. കാർട്ടൂൺ വരകൾ പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ടിക്ടോക്കുകളാണ് കൊറോണ വിരുദ്ധബോധവത്കരണമാക്കിയത്.

പതിവ് കാർട്ടൂണുകൾ പോലെ കൊറോണ വിരുദ്ധ കാർട്ടൂണുകളിൽ നർമ്മം ചേർക്കാൻ പറ്റാത്തതിന്റെ വിഷമമാണ് ബാദുഷക്ക്. സംസ്ഥാനത്തെ പ്രമുഖ യുവ കാർട്ടൂണിസ്റ്റുകൾ അംഗങ്ങളായ കാർട്ടൂൺ ക്ളബ് ഒഫ് കേരളയുടെ കോ ഓർഡിനേറ്റർ കൂടിയാണ് ബാദുഷ.