മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആൻഡ് പ്രൊസസിംഗ് കമ്പനിയുടെ നേതൃത്വത്തിൽ രജിസ്‌ട്രേഡ് കർഷകരിൽ നിന്നും പൈനാപ്പിൾ സംഭരണം ആരംഭിച്ചു.ഒരു രജിസ്‌ട്രേഡ് കർഷകനിൽ നിന്നും രണ്ടര ടൺ പൈനാപ്പിളാണ് സംഭരിക്കുന്നത്. ഇതോടൊപ്പം തന്നെ പുതിയ കർഷകർക്ക് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും കമ്പനിയിൽ ഒരുക്കിയിട്ടുണ്ട്. വേനൽ കാലമായതിനാൽ പൈനാപ്പിളിന് നല്ല ഡിമാന്റാണ്. ഹോർട്ടി കോർപ്പ് ഔട്ട് ലറ്റുകളിൽ പൈനാപ്പിളിന് വില്പന കൂടിയാൽ സംഭരണം കൂടുതലാക്കനാണ് തീരുമാനം. എന്നാൽ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ വില്പനയുടെ കാര്യത്തിൽ ആശങ്കയും നിലനിൽക്കുന്നുണ്ട്.
കൊറോണ രോഗത്തെ തുടർന്ന് പൈനാപ്പിളിനെ അവശ്യ ഭക്ഷണ വസ്തുക്കളുടെ ലിസ്റ്റിൽ സർക്കാർ ഉൾപ്പെടുത്തിയത് കർഷകർക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ഇന്നലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് പ്രൊസസിംഗ് കമ്പനിയിൽ നിന്നും ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ നടന്ന പൈനാപ്പിൾ സംഭരണത്തിന് എൽദോ എബ്രഹാം എം.എൽ.എ, കമ്പനി ചെയർമാൻ ഇ.കെ.ശിവൻ, ഹോർട്ടി കോർപ്പ് റീജി.ണൽ മാനേജർ ആർ.ഷാജി, പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ്, സെക്രട്ടറി ജോജോ ജോസഫ്, ഭാരവാഹികളായ ഷൈൻ ജോൺ, ജോയി മെതിപ്പാറ എന്നിവർ നേതൃത്വം നൽകി.
#ഹോർട്ടി കോർപ്പ് പൈനാപ്പിൾ സംഭരിച്ചു തുടങ്ങി
ഇന്നലെ 20ടൺ പൈനാപ്പിളാണ് ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ സംഭരിച്ചത്. ഹോർട്ടി കോർപ്പ് സംസ്ഥാനത്തെ 200ഔട്ട് ലറ്റുകളിൽ വിപണനം നടത്തുന്നതിനാണ് പൈനാപ്പിൾ സംഭരിക്കുന്നത്. ഹോർട്ടി കോർപ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ പൈനാപ്പിൾ സംഭരിക്കും.
#പൈനാപ്പിൾ പ്രൊസസിംഗ് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും
സമ്പൂർണ ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട ജില്ലയിലെ സ്വകാര്യ പൈനാപ്പിൾ പ്രൊസസിംഗ് യൂണിറ്റുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.കമ്പനികളിൽ പ്രൊസസിംഗ് ആരംഭിക്കുന്നതോടെ കർഷകർക്ക് പൈനാപ്പിൾ വിപണനത്തിന് വഴിയൊരുങ്ങി.ടൺ കണക്കിന് പൈനാപ്പിൾ കമ്പനികളിൽ പ്രൊസസിംഗ് നടക്കുന്നതോടെ വിപണിയിൽ കെട്ടികിടക്കുന്ന പൈനാപ്പിൾ പ്രസസിംഗിനായി ഉപയോഗിക്കാനാകും.