മൂവാറ്റുപുഴ: സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിയമലംഘകരെ കുടുക്കാൻ മൂവാറ്റുപുഴയിൽ ഡ്രോൺ കാമറകൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ ഡ്രോൺ കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് തുടക്കമായി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഭേദിച്ച് ആളുകൾ പുറത്തിറങ്ങുന്നുണ്ടോ എന്ന് അറിയുന്നതിനും നഗരത്തിലെ പ്രധാന ജംഗ്ഷനുകളും നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളുമാണ് ഇന്നലെ നിരീക്ഷിച്ചത്. ഓരോ രണ്ട് മണിക്കൂറിലുമാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിൽ നിയമത്തിനു വിരുദ്ധമായ കാര്യങ്ങൾ കണ്ടാൽ ഉടൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കും. ഇന്നലെ ഉച്ചയോടെയാണ് നഗരത്തിൽ ഡ്രോൺ കാമറകൾക്കൊണ്ടുള്ള നിരീക്ഷണം ആരംഭിച്ചത്. വരും ദിവസങ്ങളിലും കൂടുതൽ ഡ്രോൺ കാമറകൾ ഉപയോഗിച്ച് നിരീക്ഷണം ഉണ്ടാകുമെന്നും കൂടാതെ വാഹന പരിശോധനയും കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു.