ആലുവ: അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണത്തിനായി പ്രത്യേക അടുക്കള സജ്ജമാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ചപ്പാത്തി ഉൾപ്പടെ നൽകും. ഒരേ സമയം ആയിരം ചപ്പാത്തി വരെ ഉണ്ടാക്കാൻ കഴിയുന്ന പ്രത്യേകം മെഷീൻ ഇന്ന് മുതൽ പ്രവർത്തിപ്പിക്കും.

തൊഴിലാളികൾ പുറത്തിറങ്ങി നടന്നാൽ ഇവരുടെ കരാറുക്കാർക്കെതിരേയും ഉടമകൾക്കെതിരേയും പൊലീസ് നടപടിയെടുക്കും. മറുനാടൻ തൊഴിലാളികൾ സർക്കാറിന്റെ കർഫ്യൂ അനുസരിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം കരാറുകാർക്കും അവരെ കൊണ്ടു വന്നവർക്കുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മറുനാടൻ തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ്. ഇവിടെ 144 ലംഘിക്കാൻ അനുവദിക്കില്ല. തൊഴിലാളികളുമായി പൊലീസും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റും നിരന്തരമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് നാട്ടിലേയ്ക്ക് തിരിച്ചു പോകാനുള്ള സൗകര്യം സംസ്ഥാന സർക്കാർ നൽകും. റൂറൽ എസ്.പി ഓഫീസിൽ നടന്ന ചർച്ചയിൽ മന്ത്രി വി.എസ്. സുനിൽകുമാർ, എസ്.പി. കെ. കാർത്തിക്, എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് എന്നിവർ പങ്കെടുത്തു.