കിഴക്കമ്പലം: അതിഥി തൊഴിലാളികൾക്ക് ആത്മവിശ്വാസം വളർത്തുന്നതിൻ്റെ ഭാഗമായി പട്ടിമറ്റത്ത് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.ആർ മധുബാബു , കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് റൂട്ട് മാർച്ച് നടന്നു. കോൺട്രാക്ടറുടെയും കമ്പനികളുടെയും ജീവനക്കാരല്ലാത്ത, ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളികൾക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം ലഭിക്കും. ഇവർ അതാത് മേഖലയിലെ പഞ്ചായത്തംഗങ്ങളുമായി ബന്ധപ്പെടണം. കരാറുകാരുടേയും, വിവിധ കമ്പനികളുടേയും , സ്വകാര്യ സ്ഥാപനങ്ങളുടേയും തൊഴിലാളികൾക്ക് ഉടമകൾ തന്നെ ഭക്ഷണം നൽകാൻ സൗകര്യമൊരുക്കാൻ സർക്കാർ നിർദ്ദേശമുണ്ട്. ഭക്ഷണം നൽകാത്ത സ്ഥാപനങ്ങൾക്കും ഉടമകൾക്കുമെതിരെ പൊലീസ് കർശന നിയമനടപടികൾ സ്വീകരിക്കും. സർക്കാർ വിജ്ഞാപനമനുസരിച്ച് രണ്ടു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ഭക്ഷണത്തിൻ്റെയും താമസത്തിൻ്റെയും കാര്യത്തിൽ ഭയപ്പെടേണ്ടതില്ല എന്നും ഇക്കാര്യത്തിൽ സർക്കാർ സഹായം ഉണ്ടാകുമെന്നും സർക്കാർ ഉറപ്പ് അതിഥി തൊഴിലാളികൾക്ക് പൊലീസ് ഹിന്ദിയിൽ അറിയിപ്പ് നൽകി.