കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങളുടെ വായ്‌പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച റിസർവ്വ് ബാങ്ക് നടപടി സ്വാഗതാർഹമാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. എന്നാൽ ആ കാലയളവിലെ പലിശയും അധികപലിശയും കടാശ്വാസമായി അനുവദിച്ചാൽ മാത്രമേ സാധാരണക്കാർക്ക് ഗുണകരമാകുകയുള്ളൂ. ഈ സാഹചര്യത്തിൽ സർക്കാർ കടാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന് ഹൈബി ഈഡൻ കത്ത് നൽകി.
മൂന്ന് മാസം വായ്‌പ അടവിൽ നിന്ന് മോചിതരാകുന്നവർ മൂന്ന് മാസങ്ങൾക്ക് ശേഷം അധിക ബാധ്യത ഏൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ മൂന്ന് മാസത്തെ തിരിച്ചടവ് തുക മറ്റൊരു ബാധ്യതയായി മാറും എന്നതാണ് മനസിലാക്കാൻ സാധിക്കുന്നത്. 2020 ജനുവരി മാസം വരെ വായ്‌പ തിരിച്ചടവ് മുടക്കം വരുത്താത്തവരുടെ ഈ മൂന്നു മാസത്തെ പലിശ കടാശ്വാസമായി ബാങ്കുകൾക്ക് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഹൈബി ഈഡൻ പറഞ്ഞു.