നെടുമ്പാശേരി: ആരോഗ്യ പ്രവർത്തകന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് 30 ഓളം പേർ നിരീക്ഷണത്തിലായി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കൊറോണ പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഇയാളെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാക്കി. രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ അടക്കമുള്ള 60 അംഗ സംഘമാണ് വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിച്ചിരുന്നത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരെയാണ് നിരീക്ഷണത്തിലാക്കിയത്. റൺവേ ജോലികൾ നടക്കുന്നതിനാൽ രാത്രി മാത്രമായിരുന്നു വിമാനങ്ങൾ. രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ രണ്ട് ദിവസം മാത്രമേ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളുവെന്നാണ് വിവരം. മറ്റു ദിവസങ്ങളിൽ ഇയാൾ എവിടെയെങ്കിലും യാത്ര ചെയ്തിരുന്നോയെന്നും കണ്ടെത്തേണ്ടി വരും.