കിഴക്കമ്പലം: എരപ്പുംപാറയിൽ ദാറുസലാം തൈക്കാവ് തുറന്ന് മഗരിബ് നിസ്കാരത്തിന് അനുമതി നൽകിയ പള്ളി കമ്മിറ്റി സെക്രട്ടറി എരപ്പുംപാറ ഇടശേരിക്കുടി അനീഷിനെ (39) അറസ്റ്റുചെയ്തു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളി തുറന്ന് പ്രാർത്ഥനയ്ക്ക് അനുമതി നൽകിയത്. പള്ളി തുറന്നു കിടക്കുന്നതു കണ്ടാണ് കുന്നത്തുനാട് പൊലീസെത്തി പരിശോധിച്ചത്. ഈ സമയം നിയന്ത്രണം ലംഘിച്ച് അഞ്ചുപേർ പള്ളിയിലെത്തിയിരുന്നു. ആരാധനാലയങ്ങളിൽ പ്രധാനിയായ ഇമാം ഒഴികെ മറ്റാരും എത്തരുതെന്നാണ് നിർദ്ദേശം. സർക്കാർ പുറത്തിറക്കിയ ദുരന്ത നിവാരണ വിജ്ഞാപനമനുസരിച്ചാണ് കേസെടുത്തതെന്ന് സി.ഐ വി.ടി. ഷാജൻ പറഞ്ഞു.