കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നലെ കൊറോണ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് തയ്യാറായി. ഇന്ന് മാപ്പ് പുറത്തു വിടും. ആലുവ ചൊവ്വര സ്വദേശിയായ ഇദ്ദേഹം ജോയിന്റ് ഹെൽത്ത് ഇൻസ്പെക്ടറാണ്.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നാകാം ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നെടുമ്പാശ്ശേരിയിലാണ് ഇദ്ദേഹം പ്രധാനമായും ജോലി ചെയ്തിരുന്നത്. ഒന്നോ രണ്ടോ ദിവസം റെയിൽവേ സ്റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പൻ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്ന ഇയാളിൽ വെള്ളിയാഴ്ച്ചയാണ് രോഗലക്ഷണം പ്രത്യക്ഷപ്പെട്ടത്. രോഗം സ്ഥിരീകരിച്ചത്തോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലോഷൻ വാര്‍ഡിലാണ് ചികിത്സയില്‍ കഴിയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം അടയ്ക്കുന്നതിനു മുമ്പാണ് ആരോഗ്യപ്രവർത്തകൻ അവിടെ ജോലി ചെയ്തിരുന്നത്. വിമാനത്താവളത്തിൽ ജോലി ചെയ്ത എല്ലാവരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. അതിനാൽ തന്നെ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ എല്ലാവരും സ്വയം നിരീക്ഷണത്തിലാണ്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മറ്റുള്ളവരോടും സെൽഫ് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ റെയിൽവേ സ്റ്റേഷനിൽ നിന്ന് അടുത്തിടപഴകിയ ആളുകളുടെ വിവരങ്ങളും ശേഖരിച്ചു വരികയാണ്.
കൊറോണ ബാധിച്ച് 14 പേരാണ് എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ നിലവില്‍ 14 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 4 പേര്‍ ബ്രിട്ടീഷ് പൌരന്മാരും ആറ് പേര്‍ എറണാകുളം സ്വദേശികളും രണ്ട് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. നേരത്തെ കൊറോണ സ്ഥിരീകരിച്ച 37 വയസ്സുകാരന്റെ അടുത്ത ബന്ധുവിന്റെ പരിശോധനാഫലം ഉള്‍പ്പെടെ ഇന്നലെ ലഭിച്ച 38 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണ്. ഇനി 45 പരിശോധനാ ഫലങ്ങള്‍ കൂടിയാണ് ലഭ്യമാവാനുള്ളത്. ജില്ലയില്‍ ഇന്നലെ പുതുതായി 1659 പേരെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ 908 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ജില്ലയില്‍ ആകെ 5730 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 5701 പേര്‍ വീടുകളിലും 29 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.