കൊച്ചി: ഒടുവിൽ, ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന് ഫലം കണ്ടു. എറണാകുളം പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ഉത്തരേന്ത്യൻ വിഭവങ്ങളാണ് ഇവിടെ പാകം ചെയ്യുന്നത്. ഇന്ന് രാവിലെ ക്യാമ്പിലുള്ളവർക്ക് ചപ്പാത്തിയും പരിപ്പു കറിയും തയ്യാറാക്കി നൽകി. എറണാകുളം റൂറൽ പൊലീസിന്റെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികളുള്ള സ്ഥലമാണ് പെരുമ്പാവൂർ.
പായിപ്പാടുണ്ടായ ഇതരസംസ്ഥാന തൊഴിലാളി പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ വലിയ ജാഗ്രതയാണ് പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്നത്. ഇന്നലെ തന്നെ പൊലീസുദ്യോഗസ്ഥർ എല്ലാ ക്യാമ്പുകളിലും എത്തി തൊഴിലാളികളെ ബോധവത്കരിക്കാൻ ശ്രമിച്ചിരുന്നു.
പെരുമ്പാവൂരിലെ ബംഗ്ലാ കോളനിയിൽ മാത്രം 1800ഓളം അതിഥി തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതിനു സമീപത്തായാണ് ഇപ്പോൾ കമ്മ്യൂണിറ്റി കിച്ചൺ സജ്ജമാക്കിയത്. ചപ്പാത്തിയുണ്ടാക്കാനുള്ള മെഷീനും ഗോതമ്പു പൊടിയും അടക്കമുള്ള സാധനങ്ങൾ ഇന്നലെ രാത്രി തന്നെ ഇവിടെ എത്തിച്ചിരുന്നു.