ആലപ്പുഴ: കൊയ്ത്ത്, നെല്ല് സംഭരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പ്രോട്ടോക്കോൾ പുറത്തിറക്കി. നെല്ല് കയറ്റിറക്ക് തൊഴിലാളികൾ, യന്ത്രത്തിന്റെ ഡ്രൈവർ, മെക്കാനിക്ക്, ലോറി ഡ്രൈവർമാർ, മറ്റ് തൊഴിലാളികൾ എന്നിവർക്കായാണ് പ്രോട്ടോക്കോൾ പുറത്തിറക്കിയത്. മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ, വി.എസ് സുനിൽകുമാർ എന്നിവർ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് പ്രോട്ടോക്കോൾ തയ്യാറാക്കിയത്.
യന്ത്രത്തൊഴിലാളികൾക്ക് 10 ദിവസത്തിലൊരിക്കൽ ആരോഗ്യ അധികൃതരുടെ പരിശോധന ഉറപ്പാക്കണം. തൊഴിലാളികളുടെ പേര്, പ്രായം തുടങ്ങിയവ കരാറുകാരൻ കൃഷി ഓഫീസറെ നേരത്തെ അറിയിച്ചിരിക്കണം. ആരോഗ്യവകുപ്പ് നിർദേശിച്ച അകലം പാലിച്ചാകണം പ്രവർത്തനം. പി.എ.ഒ ഇത് ഉറപ്പ് വരുത്തണം. തൊഴിലാളികൾക്ക് കുടിവെള്ളം, സോപ്പ്, മാസ്‌ക്,തൂവാല തുടങ്ങിയവ പാടശേഖരസമിതിയാണ് നൽകേണ്ടത്. എല്ലാ തൊഴിലാളികളും മാസ്‌ക്-ടവൽ ധരിക്കണം. പി.ആർ.എസ് വിതരണം ചെയ്യുമ്പോൾ സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ ഉറപ്പാക്കണം. ആൾക്കൂട്ടം ഒഴിവാക്കി വേണം സംഭരണം. മെഷീൻ ഓപ്പറേറ്റർമാർക്ക് ഭക്ഷണവിതരണത്തിലോ താമസത്തിലോ പ്രശ്‌നമുണ്ടെങ്കിൽ സമൂഹ അടുക്കളയിൽ നിന്ന് ലഭ്യമാക്കണം. പഞ്ചായത്ത് സെക്രട്ടറിമാരാണ് ഇത് ഉറപ്പ് വരുത്തെണ്ടത്.
പാടശേഖരങ്ങളുടെയും കൊയ്യേണ്ട തീയതിയുമടങ്ങിയ പട്ടിക പ്രിൻസിപ്പൽ കൃഷി ഓഫീസർ തയ്യാറാക്കും. ഇതുപ്രകാരം കൊയ്ത്ത് നടക്കുന്നെന്ന് പി.എ.ഒ ഉറപ്പാക്കണം. കൊയ്ത്തുയന്ത്രം പ്രവർത്തിപ്പിക്കാനുള്ള തൊഴിലാളികളെ കോൺട്രാക്ടർമാർ നിയമിക്കണം. നെല്ല് കൊണ്ടുപോകാനുള്ള വാഹനസൗകര്യം മില്ല് ഉടമകളൊരുക്കണം. വാഹനങ്ങളിൽ നമ്പർ, ഡ്രൈവറുടെ പേര്, ഫോട്ടോ, യാത്രചെയ്യുന്ന ദിവസം, സ്ഥലം എന്നിവ രേഖപ്പെടുത്തണം.ആവശ്യമായി വന്നാൽ പോർട്ട് ഓഫീസർ മുഖേന ബോട്ട് ലഭ്യമാക്കും. സംഭരണത്തിന് ബുദ്ധിമുട്ടുണ്ടായാൽ മില്ല് ഉടമകൾ പി.എ.ഒ മുഖേന കളക്ടറെ ബന്ധപ്പെടണം. കളക്ടർ പി.എ.ഒ മുഖേന ആവശ്യമായ സംഭരണശേഷിയുള്ള ഓഡിറ്റോറിയമോ ഹാളോ തയ്യാറാക്കി നൽകും.