
കൊച്ചി: കുറച്ച് നേരം ടി.വി കാണും. പിന്നെ, കണ്ണ് ഫോണിലേക്ക്. ഇതിനിടെ ചിത്രം വര, പുസ്തകങ്ങൾ വായിക്കൽ. ലോക്ക്ഡൗണിൽ ലോക്കായിപ്പോയ വിദ്യാർത്ഥികൾ സമയം ചെലഴിക്കുന്നത് ഇങ്ങനെയൊക്കെയാണ്. എന്നാൽ, ഇനി പറായാൻ പോകുന്നത് വിദ്യാർത്ഥികളെ കലോത്സവ വേദിയിൽ എത്തിക്കുന്ന കാര്യത്തെക്കുറിച്ചാണ്. ഓൺലൈൻ കലോത്സവം !
എസ്.എഫ്.ഐ കൊച്ചി സർവകലാശാല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവമാദ്ധ്യമ ഓപ്പൺ കലോത്സവം 'ക്വാറന്റൈൻ' സംഘടിപ്പിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെ നടത്തപ്പെടുന്ന കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ തുടങ്ങി റിസൾട്ട് വരെയുള്ള നടപടിക്രമങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോം മുഖേനയാണ് ഒരുക്കിയിട്ടുള്ളത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വീടുകളിൽ വീർപ്പുമുട്ടുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ മത്സരബുദ്ധിയോടെ പ്രകടമാക്കാനാണ് ഇത്തരത്തിൽ വേദി ഒരുക്കിയിട്ടുള്ളതെന്ന് കുസാറ്റിലെ എസ്.എഫ്.ഐ നേതൃത്വം പറയുന്നത്.
കോളേജ് അടിസ്ഥാനത്തിൽ വ്യക്തിഗത ഇനങ്ങളിലായിരിക്കും മത്സരം. പെയിന്റിംഗ്, മോണോ ആക്ട്, മിമിക്രി, തുടങ്ങി 42 ഇനങ്ങളിലാണ് മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും. 8129917285, 9497282287 എന്നീ നമ്പറുകളിൽ വാട്‌സാപ്പ് മുഖേനയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. പേര്, പങ്കെടുക്കുന്ന ഐറ്റം, കോളേജ്, കോളേജ് ഐഡി ഫോട്ടോ എന്നിവയാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികൾ സമർപ്പിക്കേണ്ട രേഖകൾ. വിജയികൾക്ക് സമ്മാനങ്ങൾ നൽകും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കോളേജ് വിജയികളാകും.കൂടുതൽ വിവരങ്ങൾ Facebook: https://www.facebook.com/CUSATSFI/, Instagram: https://www.instagram.com/sficusat?r=nam-etag എന്നീ വെബ് പേജുകളിലും 8129917285 എന്ന നമ്പറിലും ലഭ്യമാണ്.