കൊച്ചി: മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പ്രദേശത്തെ ഗുജറാത്തി, മാർവാഡി വീടുകളിൽ നിന്ന് ചപ്പാത്തി, തമിഴ്, കൊങ്കിണി, മലയാളി വീടുകളിൽ നിന്ന് ചോറ്...

കൊറോണ കാലത്ത് തെരുവ് നായ്ക്കളെ ഉൗട്ടുന്നതിന് മൃഗസ്നേഹികൾ ഒത്തുചേർന്ന് റോട്ടി ( ചപ്പാത്തി) ബാങ്ക് എന്ന പേരിൽ പുതുമയുള്ള ഒരു കൂട്ടായ്മയ്ക്ക് ഫോർട്ടുകൊച്ചിയിൽ തുടക്കമായി. ഡൽഹി ധ്യാൻ ഫൗണ്ടേഷനാണ് നേതൃത്വം നൽകുന്നത്. പ്രവർത്തകരിൽ അധികവും മട്ടാഞ്ചേരി, പശ്ചിമകൊച്ചി മേഖലകളിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരാണ്.

# മുന്നിട്ടിറങ്ങി വനിത പ്രവർത്തകർ

ഗുജറാത്തിയായ ഫാൽഗുനി വ്യാസിന്റെ നേതൃത്വത്തിൽ വനിത പ്രവർത്തകർ രാവിലെ 11 നും 12 നുമിടയിൽ ഓരോ വീടുകളിലും നിന്ന് ചപ്പാത്തി ശേഖരിക്കും. സ്കൂട്ടറിലാണ് ഇവരുടെ സഞ്ചാരം. ഇതോടൊപ്പം നായ്ക്കൾക്ക് വെള്ളം നൽകുന്നതിനായി ഉപയോഗശൂന്യമായ പ്ളാസ്റ്റിക് പാത്രങ്ങളും സംഭരിക്കും.

65 വീട്ടുകളിൽ നിന്നായി 600-700 ചപ്പാത്തി വരെ ലഭിക്കും. ചപ്പാത്തിയോട് വിമുഖതയുള്ള നായ്ക്കൾക്ക് ചോറ് നൽകും. വൈകിട്ട് 7 മുതൽ 9 വരെയുള്ള സമയത്താണ് ഭക്ഷണ വിതരണം. കഴിവതും വേസ്റ്റ് ബിന്നിനോട് ചേർന്നുള്ള ഭാഗത്ത് ഭക്ഷണം വയ്ക്കും. അഞ്ച് ലിറ്ററിന്റെ നാല് ജാർ വെള്ളവും നായ്ക്കൾക്കായി നിത്യേന കരുതുന്നുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ ധ്യാനിന്റെ 15 പ്രവർത്തകരാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്.

# ടൂറിസ്റ്റുകൾ ഒഴിഞ്ഞു

അന്നംമുട്ടി

കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി പതിനായിരത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്. ഫോർട്ടുകൊച്ചിയിൽ മാത്രം നൂറ് എണ്ണമുണ്ട്. ടൂറിസ്റ്റുകൾ ഇവയ്ക്ക് ഭക്ഷണം നൽകിയിരുന്നു. ലോക് ഡൗണായതോടെ ഇതു മാത്രമല്ല ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷ്യാവശിഷ്‌ടങ്ങളും ഇല്ലാതായി.

ഭക്ഷണം ലഭിച്ചില്ലെങ്കിൽ തെരുവ് നായ്ക്കൾ അക്രമാസ്കതരാവും. തമ്മിൽ കടികൂടി ചാകാനുള്ള സാദ്ധ്യത വർദ്ധിക്കും. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകേണ്ടത് നമ്മുടെ കടമയാണ് .

ഡോ.പ്രസൻ പ്രഭാകർ

ധ്യാൻ കൊച്ചി കേന്ദ്രം മേധാവി