കോലഞ്ചേരി: ടാറിലകപ്പെട്ട പട്ടിക്കുട്ടികൾക്കും രക്ഷക വേഷത്തിൽ കുന്നത്തുനാട് പൊലീസ് എത്തി. കൊറോണ പ്രതിരോധ തിരക്കുകൾക്കിടയിലും,സ്റ്റേഷൻ വളപ്പിൽ ടാറിലകപ്പെട്ട പട്ടി കുഞ്ഞുങ്ങൾ പൊലീസിന്റെ കാരുണ്യത്താൽ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി.
കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ വളപ്പിൽ പിടിച്ചിട്ട ഉപയോഗശൂന്യമായ ടാങ്കർ ലോറിയിൽ നിന്നും വീണു കിടന്ന ടാറിലാണ് നാല് പട്ടിക്കുഞ്ഞുങ്ങൾ കുടുങ്ങിയത്. ഞായറാഴ്ച വൈകിട്ട് പട്ടിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാണ് സി.ഐ വി.ടി ഷാജനും സഹ പ്രവർത്തകരും ലോറിക്കടിയിൽ ഇവയെ കണ്ടെത്തുന്നത്. ടാറിൽ കുടുങ്ങിയെ പുറത്തെടുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ മൂവാറ്റുപുഴ ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ പ്രവർത്തകർ എത്തിയാണ് നാല് പട്ടിക്കുട്ടികളെയും അടിയിലുള്ള മണ്ണ് കൂടെ ചേർത്ത് കുഴിച്ചു പുറത്തെടുത്തത്.
ദയയുടെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലെത്തിച്ച് സസ്യ എണ്ണകൾ ഉപയോഗിച്ച് ശരീരത്തിൽ പറ്റി പിടിച്ച മുഴുവൻ ടാറും ഒരു ദിവസമെടുത്ത് കഴുകി വെടിപ്പാക്കി. നാല് നായ്കുട്ടികളും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നുണ്ട്.