കൊച്ചി: വേനൽക്കാല ചെമ്മീൻ കെട്ടുകളുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ കർഷകർക്കിത് ദുരിതകാലം. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചെമ്മീന്റെയും മത്സ്യത്തിന്റെയും വിലയിടിവ് വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണവർ. ഏപ്രിൽ ആദ്യവാരത്തോടെയാണ് കെട്ടുകളിൽ വിളവെടുപ്പ് നടത്തി ഏപ്രിൽ 14 നു മുൻപ് കെട്ടുകൾ ഒഴിഞ്ഞു നൽകണമെന്ന കരാറിലാണ് ഒരു വർഷത്തേക്ക് കർഷകർ ഏറ്റെടുക്കുന്നത്.
ജില്ലയിൽ വൈപ്പിൻ, കണ്ടക്കടവ്, കുമ്പളങ്ങി, ചെല്ലാനം, കടമക്കുടി തുടങ്ങിയ ഗ്രാമീണ മേഖലകളിൽ വൻ തോതിൽ കെട്ടുകളിൽ കൃഷി നടത്തി വരികയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലാഭമില്ലാതെ കെട്ടുകൾ വിളവെടുപ്പ് നടത്തി ഒഴിയേണ്ടി വരുമെന്ന ഭീതിയിലാണ് കർഷകർ. ഓരോ വർഷങ്ങളിലും വിളവെടുപ്പ് കാലത്തിൽ ഉൾപ്പെടെ ലക്ഷങ്ങളുടെ ലാഭമാണ് ചെമ്മീൻ കൃഷിയിൽ നിന്ന് ലഭിക്കുക.
ഇതു മുന്നിൽ കണ്ടു കൊണ്ട് അമ്പതു ലക്ഷം മുതൽ ഒരു കോടി രൂപയ്ക്കു ഹെക്ടർ കണക്കിന് കെട്ടുകൾ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്. നിലവിൽ വിളവെടുപ്പ് ഒഴിവാക്കാനും കഴിയാത്ത സാഹചര്യത്തിലാണെന്ന് കർഷകർ പറയുന്നു. കെട്ടുകളിൽ നിന്നുള്ള ചെമ്മീൻലഭ്യതയിൽ നേരിയ വർധന ഉണ്ടായിട്ടുണ്ടെങ്കിലും വിപണിയിൽ വിലയില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ഏറ്റവും കൂടുതൽ വില ലഭിച്ചിരുന്ന കാരച്ചെമ്മീൻ മൊത്തവ്യാപാരികൾ എടുക്കുന്നില്ല . പ്രധാനമായും ഇവ വിറ്റഴിച്ചിരുന്ന ഹോട്ടലുകൾ അടച്ചു പൂട്ടിയതോടെ ആവശ്യക്കാർ ഇല്ലാതായി. കൊറോണ ബാധയെ തുടർന്നു ഇവയുടെ കയറ്റുമതിയും നിലച്ചു. കൂടാതെ നാരൻ,ചൂടൻ തുടങ്ങിയ ഇനങ്ങളും പുറം വിപണിയിലേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇവ കുറഞ്ഞ വിലയ്ക്ക് പ്രാദേശിക വിപണിയിൽ വിറ്റഴിക്കുകയാണിപ്പോൾ. കുറഞ്ഞ വിലയ്ക്കും ഇവ വാങ്ങാൻ പലരും തയ്യാറാവുന്നില്ലെന്നതാണു പ്രശ്നം. 450 രൂപ വരെ കിലോഗ്രാമിനു വില ലഭിച്ചിരുന്ന ചെമ്മീൻ ഇപ്പോൾ 200 രൂപ നിരക്കിലാണു വിപണിയിൽ എത്തുന്നത്.
കടൽ മത്സ്യബന്ധനം പൂർണമായി നിലച്ചതോടെ മീനിനു ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയിലാണ് ചെമ്മീൻ കർഷകർ പറയുന്നു. കെട്ടുകളിലും മറ്റും ചെമ്മീനുകൾക്കൊപ്പം വളരുന്നതു കരിമീൻ,തിലാപ്പിയ,പൂമീൻ തുടങ്ങിയ മീനുകളാണ്. ഇവയ്ക്ക് ഈ സമയത്തു നല്ല വിലയും ലഭിക്കാറുണ്ട് എന്നാൽ ഇപ്പോൾ ന്യായമായ വില പോലും ലഭിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ടു മത്സ്യങ്ങൾ വാങ്ങുന്നത് പലരും നിർത്തി. കൂടാതെ വള്ളത്തിൽ കടലിൽ നിന്നും പിടിച്ചു കൊടുവരുന്ന മത്സ്യങ്ങൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാണ്.
കരാർ കാലാവധി നീട്ടണം:
നിലവിൽ കെട്ടുകൾ ലോക്‌ഡൗൺ കാലത്തു ഒഴിയുന്നത് വൻ സാമ്പത്തിക നഷ്ടത്തിലേക്ക് വഴിയൊരുക്കും. അതിനാൽ ഏപ്രിൽ 15നു കാലാവധി അവസാനിക്കുന്ന ചെമ്മീൻ കെട്ടുകളുടെ കാലാവധി മേയ് 31 വരെ നീട്ടണം.
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മൽസ്യത്തൊഴിലാളി ഐക്യവേദി (യുടിയുസി)