കോലഞ്ചേരി: ചേലക്കുളം കാവുങ്ങൽപറമ്പിലെ മരണ വീട്ടിൽ പത്തിൽ കൂടുതൽ ആളുകൾ കൂടരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി തിരികെ പോന്നതേ ഉള്ളൂ... അല്പ സമയത്തിനുള്ളിൽ തന്നെ ബന്ധുക്കളും നാട്ടുകാരും പൊലീസ് നിർദ്ദേശം ലംഘിച്ച് മരണ വീട്ടിലേയ്ക്ക് കൂട്ടമായി വന്നു. ഇതു പ്രതീക്ഷിച്ചു തന്നെ അര കിലോമീറ്റർ അപ്പുറം നിന്ന് നിരീക്ഷണ പറക്കലിന് കുന്നത്തുനാട് പൊലീസിൻ്റെ ഡ്രോൺ പറന്നു പൊങ്ങി. മരണ വീടിനു മുകളിൽ ഡ്രോൺ എത്തിയതോടെ കൂടി നിന്നവർ നാലു വഴിയ്ക്കും പാഞ്ഞു. എത്ര പറഞ്ഞിട്ടും കേൾക്കാത്ത നാടിൻ്റെ ഉൾ വഴികളിൽ കൂട്ടം കൂടുന്നത് തടയുകയാണ് ഡ്രോൺ പരിശോധന വഴി പൊലീസ് ചെയ്യുന്നത്.നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം പൊലീസ് പരിശോധനയുള്ളതുകൊണ്ട് ഇപ്പോൾ അനാവശ്യമായി ആളുകൾ പുറത്തേക്കിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്.
#എവിടെ മറഞ്ഞിരുന്നാലും കണ്ടുപിടിക്കും
എന്നാൽ പൊലീസ് വരില്ലെന്ന് കരുതി ഉൾപ്രദേശങ്ങളിൽ ഇപ്പോഴും ചിലരൊക്കെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാരെ കണ്ടെത്താനാണ് ഡ്രോൺ പരിശോധന.എവിടെയെങ്കിലും ആളുകൾ പുറത്തേക്കിറങ്ങുന്നത് കണ്ടാൽ ആ നിമിഷം തന്നെ ഡ്രോണിലൂടെ ദൃശ്യം കമ്പ്യൂട്ടർ സ്‌ക്രീനിലെത്തും. ഏതു പ്രദേശത്താണ് ആളുകൾ പുറത്തിറങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തിയാൽ ആ വിവരം കൺട്രോൾ വാഹനങ്ങളിലേയ്ക്ക് കൈമാറും.നിമിഷങ്ങൾക്കകം പൊലീസ് സ്ഥലത്തെത്തും നടപടിയുമുണ്ടാകും.
#സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴും
നാലു കിലോമീറ്റർ ചുറ്റളവിൽ പല ആംഗിളിൽ നിന്ന് വരുന്ന ദൃശ്യങ്ങൾ സൂം ഇൻ ചെയ്തും സൂം ഔട്ട് ചെയ്തും പരിശോധിക്കാം. പകലും രാത്രിയും ഒരുപോലെ തെളിമയുള്ള ദൃശ്യങ്ങളാണ് ലഭിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗൺ നിരീക്ഷണത്തിനായി ഡ്രോണിൻ്റെ പ്രവർത്തനം കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ്...സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴും.
#ഡ്രോൺ പരിശോധന
നാലു കിലോമീറ്റർ ചുറ്റളവിലുള്ള ദൃശ്യങ്ങൾ പകർത്താൻ ശേഷിയുളള ഡ്രോണാണ് പൊലീസ് ഉപയോഗിക്കുന്നത്. 100 മീറ്റർ ഉയരത്തിൽ വരെ പറക്കുന്ന രീതിയിലാണ് സാധാരണഗതിയിൽ ഡ്രോൺ സെറ്റ് ചെയ്യുന്നത്. ആവശ്യമായി വന്നാൽ ഉയരം പിന്നെയും കൂട്ടാം. 40 മിനിറ്റു വരെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഓരോ ബാറ്ററിയും ഒന്നര മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ചെയ്യാനാകും.