നെടുമ്പാശേരി: കേരളത്തിൽ നിന്ന് സെർബിയയിലേക്ക് 35 ലക്ഷം ജോഡി സർജിക്കൽ കൈയുറകൾ കയറ്റിഅയച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ സെർബിയൻ ആരോഗ്യവിഭാഗത്തിന്റെ ഓർഡർ ലഭിച്ച കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് റബേഴ്‌സ് എന്ന സ്ഥാപനമാണ് കയറ്റുമതി നടത്തിയത്.
സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലേക്ക് ഡച്ച് വിമാനക്കമ്പനിയായ ട്രാൻസേവിയ എയർലൈൻസിന്റെ ബോയിംഗ് 747 കാർഗോ വിമാനത്തിലായിരുന്നു കയറ്റുമതി. ഏഴായിരത്തിലധികം പെട്ടികളിലായി മൊത്തം 90,385 കിലോഗ്രാം കാർഗോ കഴിഞ്ഞദിവസം ബെൽഗ്രേഡിൽ എത്തി. സിയാൽ കാർഗോ വിഭാഗവും കസ്‌റ്റംസും അതിവേഗം നടത്തിയ ഏകോപനത്തിലൂടെ നിശ്ചിതസമയത്തുതന്നെ കയറ്റുമതി ചെയ്യാനായി.
ഇന്ന് വീണ്ടും ട്രാൻസേവിയ എയർലൈൻസ് വിമാനം കാർഗോ കയറ്റുമതിക്കായി കൊച്ചിയിലെത്തും. ബൊല്ലോർ ലോജിസ്‌റ്റിക്‌സ് ഇന്ത്യയാണ് കാർഗോ ഏജൻസി. അതീവ നിയന്ത്രിതമായ പ്രവർത്തനമാണ് നിലവിൽ കൊച്ചി വിമാനത്താവളത്തിലുള്ളത്. ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിക്കുന്ന കാർഗോ സർവീസുകൾക്ക് സിയാൽ സൗകര്യമൊരുക്കുന്നുണ്ട്. നേരത്തെ, ലുലു ഗ്രൂപ്പിനായി സ്‌പൈസ് ജെറ്റിന്റെ രണ്ട് കാർഗോ സർവീസുകൾ അബുദാബിയിലേക്ക് 34 ടൺ പച്ചക്കറി കയറ്റുമതി നടത്തിയിരുന്നു. സംസ്ഥാനത്തിനാവശ്യമായ മരുന്നുകൾ എത്തിക്കാൻ എയർ ഏഷ്യ സർവീസുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈയാഴ്ച ആദ്യവിമാനം കൊച്ചിയിൽ എത്തിയേക്കും.