കൊച്ചി: കൊറോണ രോഗിയായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ സമ്പർക്ക പട്ടിക തയ്യാറാക്കിയത് റൂട്ട് മാപ് തയാറാക്കുന്നത‌ിന് ജില്ല ഭരണകൂടം പുറത്തിറക്കിയ ആപ്പ് . കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് തയാറാക്കൽ എളുപ്പമാക്കാനാണ് ട്രേസ് സി ആപ് പുറത്തിറക്കിയത്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫൈത്തണ്‍ ടെക്‌നോളജീസാണ് ആപ് തയാറാക്കിയത്. ആപ്പില്‍ രോഗിയുടെ യാത്ര വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളില്‍ ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസിലാക്കാന്‍ സഹായിക്കും. ജില്ല കലക്ടര്‍ എസ്.സുഹാസ് കഴിഞ്ഞ ദിവസം ആപ് ലോഞ്ച് ചെയ്തു.

രോഗബാധിതരുടെ സമ്പർക്ക ശ്യംഖല മനസിലാക്കുന്നതിന് ജിയോ മാപ്പിംഗ് അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് ട്രേസ് സി എന്ന ആപ്ളിക്കേഷൻ. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫോണിലേക്ക് അയച്ചു നല്‍കുന്ന ലിങ്കില്‍ കയറിയാല്‍ യാത്ര പാതയടങ്ങിയ വിവരങ്ങള്‍ ലഭിക്കും. ഇതാണ് ആരോഗ്യ വകുപ്പിലേക്ക് അയച്ചു കൊടുക്കുന്നത്. ഇതു വഴി രോഗിയുടെ സ്വകാര്യതയും ഉറപ്പാക്കാന്‍ സാധിക്കും. രോഗിക്കൊപ്പം നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്കും ആപ്പ് സഹായകമാവും. രോഗിയുടെ സമീപത്ത് ഒരാള്‍ എത്ര സമയം ചെലവഴിച്ചു എന്നും ആപ്പ് വഴി അറിയാനുള്ള സംവിധാനമുണ്ട്. നാലുമീറ്റര്‍ വരെ അടുത്തെത്തിയ ആളുകളുടെ വിവരങ്ങള്‍ ട്രേസ് സിക്ക് ശേഖരിക്കാന്‍ സാധിക്കുമെന്നു ജില്ലാ ഭരണകൂടം പറയുന്നു.

നിലവിൽ ആരോഗ്യ പ്രവർത്തകന്റെ സമ്പർക്കപ്പട്ടികയിൽ നിരവധി പേർ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ ആപ്പ് കൂടുതൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് ആരോഗ്യപ്രവര്‍ത്തകന് കോവിഡ് ബാധിച്ചത്. വിമാനത്താവളം അടയ്ക്കുന്നതിന് അവസാന പതിനാലുദിവസവും കൂടാതെ റെയിൽവേ സ്റ്റേഷനിലും ഇയാൾ ജോലിയ്‌ക്കെത്തിയിരുന്നു. ഇതിനാൽ കൂടുതൽ പേരുമായി സമ്പർക്കത്തിൽ വരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ.