cinema-ticket

1. ചിന്താവിഷ്ടയായ ശ്യാമള : ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 1998ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സിനിമയാണ്. വിജയൻ മാഷും ശ്യാമളയും മലയാളിക്ക് നല്ല പരിചിതമായ കഥാപാത്രങ്ങളാണ്. നമ്മുടെ തൊട്ടയൽപ്പക്കത്തുള്ള ആരോ അല്ലെങ്കിൽ നാം തന്നെ. തമാശയിൽ ചാലിച്ച് കാര്യം പറയുന്ന ചിന്താവിഷ്ടയായ ശ്യാമള ഒരു കാലത്തും മലയാളിയെ മടുപ്പിക്കില്ല.

2.ഒരു വടക്കൻ വീരഗാഥ : എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ ഇന്നും ആളുകളെ ഹരംകൊള്ളിക്കുന്ന ചിത്രമാണ്. മമ്മൂട്ടി ചന്തുച്ചേകവരായി അഭിനയം കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തുന്നു. ബോംബെ രവി സംഗീതസംവിധാനം നിർവഹിച്ച് കെ. ജയകുമാർ, കൈതപ്രം എന്നിവർ രചിച്ച അതിമനോഹര ഗാനങ്ങളാലും സമ്പുഷ്ടമാണ് ഈ ചിത്രം.

3. കാറ്റത്തെ കിളിക്കൂട് : ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എക്കാലത്തെയും പ്രിയപ്പെട്ട കുടുംബചിത്രങ്ങളിലൊന്നാണ്. ഭരത് ഗോപി, മോഹൻലാൽ, ശ്രീവിദ്യ, രേവതി തുടങ്ങിയവരുടെ മികച്ച അഭിനയ മുഹൂർത്തങ്ങളുണ്ട് 1983ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ.

4. വൈശാലി: എം.ടിയുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത എക്കാലത്തെയും ക്ളാസിക്കുകളിൽ ഒന്നായ വൈശാലിയെ മാറ്റിനിറുത്തി മറ്റ് മലയാള ചിത്രങ്ങളെ കുറിച്ച് പറയാനാവില്ല. മനോഹരഗാനങ്ങളാലും മികച്ച അവതരണത്താലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതാണ് വൈശാലി.

5. ദേശാടനക്കിളി കരയാറില്ല: പത്മരാജന്റെ മികച്ച ചിത്രങ്ങളിലൊന്നും അധികമാരും ചർച്ച ചെയ്യാത്തതുമായ ചിത്രമാണ് ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം. രണ്ട് പെൺകുട്ടികളുടെ സൗഹൃദവും അതിലേക്ക് കടന്നുവരുന്ന മറ്റു കഥാപാത്രങ്ങളെയും കുറിച്ച് പറയുന്ന ചിത്രം മോഹൻലാൽ, ഉർവശി, കാർത്തിക, ശാരി എന്നിവരുടെ മികച്ച അഭിനയം കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തും.

6. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ : പ്രിയപ്പെട്ട മറ്റൊരു പത്മരാജൻ ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. 1986ൽ പുറത്തിറങ്ങിയതാണെങ്കിലും പ്രണയത്തെ ഇതിലും മനോഹരമായി പറയാനാവില്ലെന്ന് എനിക്ക് തോന്നിയ ചിത്രമാണിത്. അതിശക്തമായ ക്ലൈമാക്സ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളെ വേറിട്ടതാക്കുന്നു.

7.യവനിക : ഒരു കുറ്റാന്വേഷണ ചിത്രം എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമോദാഹരണമാണ് കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത യവനിക. നാടകസംഘത്തിലെ തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനമാണ് പൊലീസ് ഓഫീസറായെത്തുന്ന മമ്മൂട്ടി അന്വേഷിക്കുന്നത്. കുറ്റവാളി ആരെന്ന് അറിയാമെങ്കിലും ആവർത്തിച്ച് കണ്ടാലും കുറ്റാന്വേഷണത്തിന്റെ ഹരം പ്രേക്ഷകനെ അനുഭവിപ്പിക്കാൻ ചിത്രത്തിന് സാധിക്കുന്നു എന്നതാണ് യവനികയുടെ വിജയം.

8. കിലുക്കം : പ്രിയദർശൻ സംവിധാനം ചെയ്ത കിലുക്കം എത്ര തവണ കണ്ടാലും മലയാളിയുടെ പൊട്ടിച്ചിരിക്ക് ഒരു കുറവും വരില്ല. കുടുംബസമേതം ആസ്വദിച്ച് കാണാനാവുന്ന ചിത്രമാണ് ഇന്നും കിലുക്കം. ജോജിയും നിശ്ചലും ആയ മോഹൻലാലിന്റെയും ജഗതിയുടെയും തമാശകൾ, രേവതിയുടെ ഭ്രാന്തിവേഷം, തിലകന്റെ ജഡ്ജിപ്പിള്ളയും മകൾ നന്ദിനിയുമായുള്ള വൈകാരിക സന്ദർഭങ്ങൾ, ഇന്നസെന്റിന്റെ വേലക്കാരൻ കൂടാതെ ഊട്ടിയുടെ മനോഹാരിതയിൽ ചിത്രീകരിച്ച കിലുക്കം തമാശയും വൈകാരികതയുമെല്ലാം സമം ചേർന്ന ചലച്ചിത്രമാണ്.

9. വിണ്ണൈതാണ്ടി വരുവായ : ഒരുകൂട്ടം മലയാളസിനിമകൾക്കിടയിൽ ഞാൻ തിരഞ്ഞെടുക്കുന്ന ചിത്രമാണ് വിണ്ണൈത്താണ്ടി വരുവായ. ഗൗതംമേനോൻ സംവിധാനം ചെയ്ത ഈ തമിഴ് ചിത്രം മലയാളികൾക്ക് മനസിലാക്കാനാവുന്ന, മലയാളികൾക്ക് അടുപ്പം തോന്നിക്കുന്ന ഒരു പ്രണയചിത്രമാണ്. ഒരു ഫെസ്റ്റിവൽ മൂഡിൽ കാണാവുന്ന പ്രണയചിത്രമാണ്. നല്ല ഗാനങ്ങളുമുണ്ട്.

എന്റെ ഈ ചിത്രങ്ങളും കാണാം

1. പൊന്മുട്ടയിടുന്ന താറാവ്

2. വരവേൽപ്പ്

3.നാടോടിക്കാറ്റ്

4. സന്ദേശം

5. സസ്നേഹം