കോലഞ്ചേരി: മദ്യത്തിനായുള്ള പരക്കം പാച്ചിൽ തുടരുമ്പോൾ, കടകളിൽ നിന്ന് മൊത്തമായി ശർക്കര വാങ്ങുന്നവരും,വലിയ കുക്കറുകൾ വാങ്ങുന്നവരുടേയും വിവരം തേടി എക്സൈസ് വകുപ്പ് കടകളിലെത്തുന്നു. തുറന്നിരിക്കുന്ന ഹൈപ്പർ മാർക്കറ്റുകളിലും, സൂപ്പർ മാർക്കറ്റുകളിലുമാണ് വലിയ കുക്കർ അന്വേഷിച്ച് ആളെത്തുന്നത്. ഇത്തരത്തിൽ അടുത്ത ദിവസങ്ങളിൽ നടന്ന വില്പനയാണ് പരിശോധിക്കുന്നത്. സ്റ്റേഷനറി കടകളിൽ നിന്നും ചെറുകിട ബിസനസുകാരല്ലാത്തവർ ശർക്കര മൊത്തമായി വാങ്ങുന്നതും നിരീക്ഷിച്ചു വരികയാണ്. വ്യാജ വാ​റ്റും,നിർമാണവും തടയുന്നതിൻ്റെ ഭാഗമായാണിത്.വ്യാജമദ്യ ഉത്പാദനം,വില്പന എന്നിവ നടത്താൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം നടത്തണമെന്നും മുന്നറിയിപ്പ് കൂടാതെ രാത്രി കാലങ്ങളിലും പെട്രോളിഗും പരിശോധനകളും നടത്തണമെന്നും എക്‌സൈസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്.പഴയ വാ​റ്റ് കേന്ദ്രങ്ങളിൽ എക്‌സൈസ് പരിശോധന ശക്തമാക്കി.

#പിടി വീഴും

ചിലർ വീടുകളിൽ വാ​റ്റ് തുടങ്ങിയതായി വിവരം ലഭിച്ചിരുന്നു.സാനി​റ്റൈസർ നിർമിക്കാനായി സ്പിരി​റ്റ് വിതരണത്തിൽ ഇളവ് വന്നിരുന്നു. അതിനാൽ ഇവ മദ്യനിർമാണത്തിന് ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിലും എക്‌സൈസ് പരിശോധന തുടരുകയാണ്. ഹോം ഡിസ്റ്റിലറി ഉല്പന്നങ്ങളുടെ ഓൺ ലൈൻ വില്പന സൈറ്റുകളും നിരീക്ഷണത്തിലാണ്. നിലവിൽ പ്രധാന സൈറ്റുകളിൽ വില്പന ഇല്ലെന്നാണ് അറിയിക്കുന്നത്.