കൊച്ചി: പരമ്പരാഗത ചെറുകിട മത്സ്യതൊഴിലാളികളുടെ മീൻപിടിത്തം സുഗമമാക്കാനും പിടിക്കുന്ന മത്സ്യത്തിന് ന്യായവില ലഭ്യമാക്കാനും മത്സ്യഫെഡും ഫിഷറീസ് വകുപ്പും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നു. ഫിഷ് ലാൻഡിംഗ് കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ദിവസവും മത്സ്യത്തിന് മത്സ്യഫെഡ് തറവില നിശ്ചയിച്ച് വിതരണം ചെയ്യണം. മത്സ്യം പിടിക്കുന്ന വള്ളത്തിൽത്തന്നെ വില്പന നടത്താൻ സംവിധാനമൊരുക്കണം. അവശ്യസാധനങ്ങൾക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന കാലത്ത് പോഷകസമൃദ്ധമായ മത്സ്യം ആവശ്യക്കാർക്ക് ലഭ്യമാക്കാൻ കഴിയും. കേന്ദ്രം പ്രഖ്യാപിച്ച കൊറോണ പാക്കേജിൽ മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയത് തിരുത്തണം. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേകപാക്കേജ് രൂപീകരിക്കണം. കർഷക തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ആനുകൂല്യം മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം നൽകിയതായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ അറിയിച്ചു.