കൊച്ചി: എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ ഓശാന ഞായറാഴ്ച രാവിലെ 7 ന് നടക്കുന്ന കർമ്മങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കാർമികത്വം വഹിക്കും. ആകെ അഞ്ചുപേർ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കൂവെന്ന് സഭാ വക്താവ് അറിയിച്ചു.
പെസഹാവ്യാഴാഴ്ച രാവിലെ 7.30 ന് തൈലപരികർമ്മപൂജയും ആർച്ച് ബിഷപ്പ് അർപ്പിക്കും. പെസഹാ വ്യാഴാഴ്ച വൈകിട്ട് 5 ന് അത്താഴദിവ്യബലി, ദു:ഖവെള്ളിയാഴ്ച വൈകിട്ട് 4 ന് പീഡസഹനാചരണ കർമ്മങ്ങൾ, ശനിയാഴ്ച രാത്രി 10 ന് പെസഹാജാഗര കർമ്മങ്ങൾ എന്നിവയ്ക്കും ആർച്ച് ബിഷപ്പ് കാർമികത്വം വഹിക്കും.
പെസഹാ വ്യാഴം മുതലുള്ള കർമ്മങ്ങൾ എ.സി.വി ന്യൂസ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. ഗുഡ്നെസ് യൂ ട്യൂബ് ചാനലിലും ലഭ്യമാക്കും. ഓശാന ഞായർ രാവിലെ 7 ന് ദിവ്യബലിയും ശുശ്രൂഷയും ഗുഡ്നെസ് യൂ ട്യൂബ് ചാനൽ തത്സമയം നൽകും. വിശുദ്ധവാര കർമ്മങ്ങൾ വീടുകളിൽ ആചരിക്കണമെന്ന് ആർച്ച് ബിഷപ്പ് അറിയിച്ചു.
കർമ്മങ്ങൾ ലളിതമായും ജനപങ്കാളിത്തമില്ലാതെയും നടത്തും.
കാർമ്മികനും ശുശ്രൂഷകനും ഉൾപ്പെടെ അഞ്ചുപേരിൽ കവിയരുത്.
കുരുത്തോല ആശിർവാദം ഒഴിവാക്കണം.
പെസഹ ദിനത്തിൽ പാദം കഴുകൽ ശുശ്രൂഷ ഒഴിവാക്കും.
ദു:ഖവെള്ളിയാഴ്ച കുടുംബങ്ങളിൽ കുരിശിന്റെ വഴി നടത്തണം.
പരിഹാരപ്രദക്ഷിണം പിന്നീട് നടത്തിയാൽ മതി.
പെസഹാ ദിനത്തിൽ തിരിതെളിക്കൽ നടത്തിയാൽ മതി.