കോതമംഗലം: താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും സൗജന്യമായി വിതരണം നടത്തുന്നതിനുള്ള സ്റ്റോക്ക് എത്തിച്ചു കഴിഞ്ഞതായും ഒന്നാം തീയതി മുതൽ കാർഡ് ഉടമകൾക്ക് തങ്ങളുടെ വിഹിതം നിയന്ത്രണങ്ങൾക്ക് വിധേയമായി കൈപ്പറ്റാവുന്നതാണെന്നും ആൻ്റണി ജോൺ എം.എൽ.എ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കടകളിൽ തിരക്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി നിലവിൽ രാവിലെ 9 മുതൽ 1 വരെ മുൻഗണന - അന്ത്യോദയ കാർഡ് ഉടമകൾക്കും ഉച്ചയ്ക്ക് ശേഷം വെള്ള നീല കാർഡുകൾ ഉള്ളവർക്കും റേഷൻ നൽകാനാണ് സർക്കാർ നിർദ്ദേശമെന്നും ഇതിൽ മാറ്റം വന്നേക്കാമെന്നും റേഷൻ കാർഡ് ഇല്ലാത്തവർക്കും റേഷൻ നൽകാൻ പരിഗണിക്കുന്നുണ്ടെന്നും എം.എൽ എ പറഞ്ഞു. മഞ്ഞ കാർഡുകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും മുൻ കാലത്തേ പോലെ സൗജനുമായി നൽകും. പിങ്ക് കാർഡുകൾക്ക് ഒരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മറ്റു കാർമുകൾക്ക് (വെള്ള, നീല) ഓരോ കാർഡിനും 15 കിലോ അരി സൗജന്യമായി ലഭിക്കും.ഇത്തരം കാർഡുകളിൽ അംഗങ്ങളുടെ എണ്ണം പരിഗണിക്കുന്നതല്ല. ആട്ട, പഞ്ചസാര മണ്ണെണ്ണ തുടങ്ങിയ ഇനങ്ങൾ നിലവിലുള്ള രീതിയിൽ വിതരണം ചെയ്യും.ഏപ്രിൽ 20നകം വിതരണം പൂർത്തിയാക്കാനും തുടർന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് സൗജന്യ റേഷൻ വിതരണം നടത്താനുള്ള നടപടികൾ ആരംഭിക്കും.