കൊച്ചി : കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് തൊഴിൽരഹിതരായ വഴിയോര കച്ചവടക്കാർക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള സ്റ്റേറ്റ് വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സർക്കാരിനോട് ആവശ്യപ്പെട്ടു. അന്നന്നത്തെ കച്ചവടംകൊണ്ട് ഉപജീവനം നടത്തുന്നവരാണ് ഇവരിൽ അധികവും. ഒരുമാസത്തോളമായി കച്ചവടം നിലച്ചതോടെ പലരും പട്ടിണിയിലാണ്. ഇതിന് പുറമെ മൊത്തവ്യാപാരികളിൽ നിന്നടക്കം ഉത്പന്നങ്ങൾ വാങ്ങിയ പണവും ബാദ്ധ്യതയായുണ്ട്. സർക്കാരിന്റെ തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുള്ള ഇവർ തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ വഴിയോര കച്ചവടക്കാരുടെ സർവേലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് മുഴുവൻ വഴിയോരക്കച്ചവടക്കാർക്കും 10,000 രൂപ അനുവദിക്കണമെന്നും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. ജിറാർ അവശ്യപ്പെട്ടു.