കൊച്ചി: കൊറോണക്കാലത്ത് കാർഷികവിപ്ളവം സൃഷ്‌ടിക്കാനുള്ള വിത്തിറക്കിയിരിക്കുകയാണ് വടക്കേക്കര പഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കൃഷിയിറക്കാനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു. എല്ലാവരും വീട്ടിലിരിക്കുമ്പോൾ വെറുതേ സമയം കളയേണ്ടെന്നാണ് പഞ്ചായത്തിന്റെ തീരുമാനം. എല്ലാവരും പച്ചക്കറി കൃഷി നടത്തുക.

4827 വീടുകളിൽ കൃഷി തുടങ്ങി

ഇതിനോടകം 4827 വീടുകളിൽ കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് കൃഷി തുടങ്ങി. വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും പച്ചക്കറിത്തോട്ടങ്ങൾ ഒരുങ്ങി. ചീര, പയർ,വെണ്ട, വഴുതന, മുളക്, പാവൽ, പടവലം, പീച്ചിൽ, കോവൽ , നിത്യവഴുതന, തക്കാളി, അമര, വാളങ്ങ, ചുരയ്ക്ക, മത്തൻ തുടങ്ങിയ പച്ചക്കറി വിളകളും പയർ, കടല, കടുക്, ജീരകം, ഉഴുന്ന്, ചെറുപയർ എന്നിവയുടെ വിത്തും വിതച്ചു.

 തൈകൾ സൗജന്യം

തൈകൾ ഗ്രാമപഞ്ചായത്ത് നഴ്‌സറിയിൽ മുളപ്പിച്ച് എല്ലാ വീടുകളിലും സൗജന്യമായി വിതരണം ചെയ്യുന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഹരിതകർമ്മസേനാ അംഗങ്ങൾ, കാർഷിക കർമ്മസേനാ അംഗങ്ങൾ , കുടുംബശ്രീ പ്രവർത്തകർ. ബഹുജന സംഘടനകളിൽപ്പെട്ടവർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ടവർ എന്നിവർ തൈകൾ വീടുകളിലെത്തിക്കും. കുടുംബശ്രീ അംഗങ്ങൾക്ക് നടാനാവശ്യമായ നടീൽ വസ്തുക്കൾ വിതരണമാരംഭിച്ചു . 7000 ത്തോളം വരുന്ന കുടുംബശ്രീ പ്രവർത്തകരുടെ വീടുകളിൽ കൃഷിയാരംഭിക്കുകയാണ്. ഗ്രാമ പഞ്ചായത്തിലെ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലും കൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾ നടന്നുവരുന്നു.

 നേടാം പുരസ്കാരം

കൊറോണക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും മികച്ച പച്ചക്കറിത്തോട്ടം ഒരുക്കുന്നവർക്ക് ഗ്രാമപഞ്ചായത്ത് പുരസ്‌കാരം നൽകും. എല്ലാ വീടുകളിലും പച്ചക്കറി കൃഷിയാരംഭിക്കാൻ തയ്യാറാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അംബ്രോസ് ആവശ്യപ്പെട്ടു.