കൊച്ചി : കേരള അതിർത്തിയിലെ റോഡുകൾ കർണാടക സർക്കാർ അടച്ച പ്രശ്നത്തിൽ കേന്ദ്ര സർക്കാർ രമ്യമായി പരിഹാരം കാണണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങളുടെ പേരിൽ ഒരു മനുഷ്യജീവൻപോലും നഷ്ടപ്പെടാൻ അനുവദിക്കരുതെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷക സംഘടന നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്. വിശദീകരണം നൽകാൻ കർണാടക സർക്കാരിന്റെ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് പിന്നീടു പരിഗണിക്കാൻ മാറ്റി. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് വാദംകേട്ടത്.
റോഡുകൾ അടച്ചത് നിയമവിരുദ്ധമാണെന്നും മംഗലാപുരത്ത് ചികിത്സതേടുന്ന നിരവധി മലയാളികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ എ.ജി വാദിച്ചു. ദേശീയപാത അതോറിറ്റിയുടെ അധീനതയിലുള്ള റോഡുകൾ അടയ്ക്കാൻ കർണാടക സർക്കാരിന് അധികാരമില്ലെന്നും സർക്കാർ വാദിച്ചു. നിലവിലെ സാഹചര്യത്തിൽ അവസരത്തിനൊത്തുയരുകയാണ് വേണ്ടതെന്നും ആരോഗ്യ - ചികിത്സാ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
അഭിഭാഷകൻ നൽകിയ കത്തിനെത്തുടർന്ന് പരിഗണിച്ച മറ്റൊരു ഹർജി,പൗരാവകാശ ലംഘനം ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി തീർപ്പാക്കി.