മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയ്ക്ക് കീഴിൽ പുതുതായി മൂവാറ്റുപുഴയിൽ രണ്ട് കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു. പായിപ്ര സൈൻ ഓഡിറ്റോറിയത്തിലും കുര്യൻ മലയിൽ പാർട്ടി ഭവനത്തിലുമാണ് കമ്മ്യൂണിറ്റി കിച്ചനുകൾ ഒരുങ്ങിയത്. മേഖല കമ്മിറ്റികളുടെയും യൂണിറ്റ് കമ്മിറ്റികളുടെയും സഹകരണത്തോടെ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനുകളിൽ ഉൽപന്നങ്ങൾ പാകം ചെയ്ത് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി മൂവാറ്റുപുഴയിൽ വീടുകളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ഭക്ഷണപൊതികൾ വാങ്ങി നഗരത്തിലും സമീപപ്രദേശങ്ങളിലെയും അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്ത് വരികയായിരുന്നു. ഭക്ഷണ വിതരണം കൂടുതൽ സുരക്ഷിതമാക്കുന്നതിനാണ് കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചിരിക്കുന്നത്.
പൊതിച്ചോർ വിതരണം കൂടുതൽ കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാനാണ് സംഘടന ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസറും ഹാൻഡ് വാഷും സൗജന്യമായി വിതരണം ചെയ്തു. 5000 മാസ്‌കുകളാണ് തയ്യാറാക്കി പൊലീസ് സ്റ്റേഷൻ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ വിതരണം ചെയ്തു . മൂവാറ്റുപുഴ ടൗണിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്കായി ടൗൺ യു.പി.സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിലേയ്ക്ക് പായും ആവശ്യവസ്തുക്കളും എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ വാങ്ങി നൽകിയിട്ടുണ്ട്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എൻ.അരുൺ മണ്ഡലം സെക്രട്ടറി കെ.ബി.നിസാർ, പ്രസിഡന്റ് ജോർജ് വെട്ടികുഴി, വൈസ് പ്രസിഡന്റ് സി.എൻ.ഷാനവാസ്, മേഖല ഭാരവാഹികൾ യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിച്ച് മുന്നോട്ട് പോകുന്നത്.