bhai

പെരുമ്പാവൂർ: തങ്ങൾക്ക് നൽകുന്ന ഭക്ഷണം പര്യാപ്തമല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ട് പെരുമ്പാവൂർ പാലക്കാട്ടുതാഴം ഭായികോളനിയിൽ നൂറോളം അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. കളക്ടറും റൂറൽ എസ്.പിയും സ്ഥലത്തെത്തി

സംസാരിച്ചെങ്കിലും പിൻമാറിയില്ല. തുടർന്ന് മന്ത്രി വി.എസ്. സുനിൽകുമാർ കോളനിയിലെത്തി ഉദ്യോഗസ്ഥരും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിനിധികളുമായി സംസാരിച്ചാണ് പരിഹാരമുണ്ടാക്കിയത്.

കഴിഞ്ഞദിവസം ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് റൂറൽ എസ്.പി, ഡെപ്യൂട്ടി കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഇവിടെയെത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ഭക്ഷണം തികയുന്നില്ലെന്നും ലഭിക്കുന്ന ഭക്ഷണം നിലവാരമില്ലാത്തതുമാണെന്നും നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ഇന്നലെ ഉച്ചതിരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.

കോളനിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. കഴിഞ്ഞദിവസം പരിഹരിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കി പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാക്കിയതിന് പിന്നിൽ ആരാണെന്ന് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു.

തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു: മന്ത്രി

തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചതായി കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഉച്ചയ്ക്കു ഭക്ഷണം കൊടുത്തശേഷമാണ് ചിലർ പ്രതിഷേധിച്ചത്. നാട്ടിലേയ്ക്ക് മടങ്ങണമെന്നായിരുന്നു പ്രധാന ആവശ്യം. ഇപ്പോൾ അത് അനുവദിക്കില്ല. അവരുടെ രുചിക്കനുസരിച്ച് ഭക്ഷണം നൽകണമെന്നാണ് മറ്റൊരാവശ്യം. കൊറോണക്കാലത്ത് സസ്യേതര ഭക്ഷണം വേണമെന്ന ആവശ്യം അംഗീകരിക്കില്ല.

ആവശ്യത്തിന് ഭക്ഷണം നൽകും

അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവശ്യാനുസരം ഭക്ഷണം നൽകുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. നിയന്ത്രണങ്ങൾ അവസാനിച്ചാൽ സ്വദേശത്തേയ്ക്ക് പോകാൻ സൗകര്യം ഒരുക്കും.