കൊച്ചി: പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികൾ ലോക്ഡൗൺ ലംഘിച്ച് സംഘടിച്ചതിന് സമാനസായ സാഹചര്യം ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്‌തതിനു പിന്നാലെ പെരുമ്പാവൂരിലെ ഭായ് കോളനി വൻ സുരക്ഷാ വലയത്തിലാക്കി. മന്ത്രി വി.എസ്. സുനിൽകുമാർ, ജില്ലാ കളക്‌ടർ എസ്. സുഹാസ്, എറണാകുളം റൂറൽ പൊലീസ് മേധാവി കാർത്തിക് എന്നിവർ നേരിട്ട് തൊഴിലാളികളുമായി സംസാരിച്ചു. ആയിരക്കണക്കിന് വരുന്ന തൊഴിലാളികളോട് വിവിധ ഭാഷകളിൽ കാര്യങ്ങൾ വിശദീകരിച്ചു.
ഭക്ഷണം ലഭ്യമാക്കും
ഇഷ്‌ടപ്പെട്ട ഭക്ഷണം ലഭ്യമാക്കുമെന്ന് കളക്‌ടർ തൊഴിലാളികൾക്ക് ഉറപ്പു നൽകി. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം നാട്ടിലെത്താനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും കളക്ടർ വ്യക്തമാക്കി. പെരുമ്പാവൂർ പാലക്കാട്ടുതാഴം ഭായ് കോളനിയിലാണ് കളക്‌ടർ എത്തിയത്. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ ഭക്ഷണം ലഭ്യമാക്കും.
കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ ആരും പുറത്തിറങ്ങരുതെന്നും വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും കളക്ടർ നിർദ്ദേശിച്ചു, നാട്ടിലേക്ക് തിരികെ പോകാനുള്ള സൗകര്യം തത്ക്കാലം ഏർപ്പാടാക്കാനാകില്ലെന്നും ഭക്ഷണം ഉടൻ ലഭ്യമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.