jail

 ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ബാധകമല്ല

 ഇടക്കാല ഉത്തരവുകളുടെ കാലാവധി മേയ് 18 വരെ നീട്ടി

കൊച്ചി : ഏഴ് വർഷം വരെ തടവു ലഭിക്കുന്ന കേസുകളിലെ കസ്റ്റഡി - വിചാരണ തടവുകാർക്ക് ലോക്ക് ഡൗൺ കാലാവധി കഴിയുന്ന ഏപ്രിൽ 15 വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ലോക്ക് ഡൗൺ നീണ്ടാൽ ഈ കാലാവധി ഏപ്രിൽ 30 വരെയായിരിക്കും.ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും നേരത്തേ ശിക്ഷിക്കപ്പെട്ടവർക്കും സ്ഥിരമായി കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കും ഒന്നിലേറെ കേസുകളിൽ നടപടി നേരിടുന്നവർക്കും ഇൗ വിധി ബാധകമല്ലെന്നും ഫുൾബെഞ്ച് വ്യക്തമാക്കി.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോടതി പ്രവർത്തിക്കാൻ കഴിയാതെ വന്നതോടെ കസ്റ്റഡി - വിചാരണ തടവുകാരുടെ ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കാൻ വൈകുന്നത് കണക്കിലെടുത്താണ് ഇന്നലെ ഹൈക്കോടതി ഫുൾബെഞ്ച് ചേർന്ന് വിധി പറഞ്ഞത്. എല്ലാ കേസുകളിലും നിലവിലെ സ്റ്റേ ഉൾപ്പെടെ ,ഇടക്കാല ഉത്തരവുകളുടെ കാലാവധി ഹൈക്കോടതി ഏപിൽ 30 വരെ നീട്ടിയിരുന്നു. ഇത് ഹൈക്കോടതി മദ്ധ്യവേനലവധിക്കു ശേഷം തുറക്കുന്ന മേയ് 18 വരെ നീട്ടിയിട്ടുണ്ട്. ജയിലിലെ തിരക്ക് ഒഴിവാക്കാനായി സുപ്രീംകോടതിയുടെ മാർഗനിർദ്ദേശം കണക്കിലെടുത്ത് 450 തടവുകാർക്ക് പ്രത്യേക പരോൾ അനുവദിക്കാൻ ജയിൽ ഡി.ജി.പി മുഖേന സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.

ഇടക്കാല ജാമ്യം :

 ജാമ്യം നേടുന്നവർ താമസിക്കുന്ന സ്ഥലം, ഫോൺ നമ്പർ, അടുത്ത ബന്ധുവിന്റെ ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ജയിൽ സൂപ്രണ്ടിന് നൽകണം. ജയിൽ സൂപ്രണ്ടോ കോടതിയോ ആവശ്യപ്പെട്ടാൽ ഹാജരാകുമെന്ന് എഴുതിവാങ്ങി സ്വന്തം ജാമ്യത്തിൽ വിടണം.

 ജാമ്യത്തിലിറങ്ങിയ വിവരം പ്രതികളും, ജയിലിൽ നിന്നും അതത് പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണം. നാട്ടിലെത്തുന്ന പ്രതികൾ സാമൂഹ്യ അകലം പാലിച്ചും യാത്രകൾ ഒഴിവാക്കിയും പൊതു ജനസമ്പർക്കമില്ലാതെ കഴിയണം.

 ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 30 കഴിഞ്ഞും നീണ്ടാൽ അക്കാലയളവിലും ഇടക്കാല ജാമ്യത്തിന് പ്രാബല്യമുണ്ടാകും. ജാമ്യ കാലാവധി കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളിൽ പ്രതി ബന്ധപ്പെട്ട കോടതിയിൽ ഹാജരാകണം. തുടർന്ന് നൽകുന്ന ജാമ്യാപേക്ഷയിൽ കോടതിക്ക് തീരുമാനമെടുക്കാം.

 ജാമ്യത്തിലിറങ്ങുന്നവർ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്താൽ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യും.

 ഇൗ വിധി ബാധകമല്ലാത്ത മറ്റു കേസുകളിലെ കസ്റ്റഡി - വിചാരണ തടവുകാരുടെ ജാമ്യാപേക്ഷകൾ സെഷൻസ് കോടതികൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ പരിഗണിക്കാം.