ആലുവ: എറണാകുളം റേഞ്ച് ഡി.ഐ.ജി എസ്. കാളിരാജ് മഹേഷ്‌കുമാർ റൂറൽ ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ചു. തൊഴിലാളികൾക്ക് ഭക്ഷണ,താമസ സൗകര്യങ്ങൾക്ക് കുറവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ പറയണമെന്നും നാട്ടിലേക്ക് പോകുന്നതിന് വാഹനസൗകര്യങ്ങൾ ഇപ്പോഴില്ലെന്നും വ്യാജപ്രചരണങ്ങളിൽ കുടുങ്ങരുതെന്നും അദ്ദേഹം തൊഴിലാളികളെ ഓർമ്മപ്പെടുത്തി.

വ്യാജപ്രചരണങ്ങൾക്കെതിരെ കർശന നടപടി

വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. സമൂഹമാദ്ധ്യമങ്ങൾ വഴി അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാജവും നിയമവിരുദ്ധവുമായ പ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 9497976005 എന്ന നമ്പറിൽ അറിയിക്കണമെന്നും എസ്.പി അറിയിച്ചു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.