വൈപ്പിൻ : പ്രധാന റോഡുകളിൽ നിന്ന് അകന്ന് ഉൾപ്രദേശങ്ങളിൽ തടിച്ചുകൂടി കൊറോണ നിയന്ത്രണം ലംഘിക്കുന്നവരെ ഡ്രോണുകൾ വഴി കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ഡ്രോൺ പറത്തി വിശദാംശങ്ങൾ എടുത്തു വരികയാണെന്ന് ഞാറക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. മുരളി പറഞ്ഞു. പലരും നിയന്ത്രണം ലംഘിച്ച് ഉൾപ്രദേശങ്ങളിൽ തമ്പടിക്കുന്നുണ്ട്. ചില ചായക്കടകൾ സാധാരണ മട്ടിൽ തുറന്ന് ഭക്ഷണ സാധനങ്ങൾ വിളമ്പുന്നതായി പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന്പരാതികൾ ഉയരുന്നുണ്ട്.

ചെമ്മീൻ കെട്ടുകളുടെ പരിസരം, പുഴയോരം, ബണ്ടുകൾ തുടങ്ങിയവ മേഖലകളിലെല്ലാം നിയന്ത്രണം ലംഘിച്ച് തമ്പടിക്കുന്നവർ പൊലീസിനെ കാണുമ്പോൾ ഓടിയൊളിക്കുന്നതിനാൽ നടപടി സ്വീകരിക്കാൻ കഴിയാറില്ല. എന്നാൽ ഡ്രോണുകൾ പറത്തിയാൽ ഒരു സ്‌ക്വയർ കിലോമീറ്ററിലെ ദൃശ്യങ്ങൾ കാമറയിൽ പതിയുകയും ഇത് പരിശോധിച്ച് നിയമലംഘകരെ കണ്ടെത്തി കേസെടുക്കാനാകുമെന്ന് സബ് ഇൻസ്‌പെക്ടർ സംഗീത് ജോബ് പറഞ്ഞു.